Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2015 7:29 PM IST Updated On
date_range 8 Sept 2015 7:29 PM ISTതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്‍ജിനീയര്‍മാരെ നിയമിക്കണം – ജില്ലാ വികസന സമിതി
text_fieldsbookmark_border
കാസര്‍കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസി. എന്‍ജിനീയര്‍മാരുടെയും അസി. എക്സി. എന്‍ജിനീയര്‍മാരുടെയും ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് വികസന പാക്കേജിലെ നിര്‍വഹണത്തിനായി അസി. എന്‍ജിനീയര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് മറ്റ് പദ്ധതികളുടെ നിര്‍വഹണത്തിനും ബാധകമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. ദേശീയപാതയിലെയും സംസ്ഥാന പാതകളിലെയും അടഞ്ഞുകിടക്കുന്ന ഓടകള്‍ വൃത്തിയാക്കണം. സ്വകാര്യവ്യക്തികള്‍ ഓടകള്‍ തടസ്സപ്പെടുത്തി റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പറഞ്ഞു. പൊതുമരാമത്ത് റോഡുകളില്‍ അനധികൃതമായും അശാസ്ത്രീയമായും 97 ഹമ്പുകളും എട്ട് ഡിവൈഡറുകളും ഉണ്ടെന്നും ഇവ നാട്ടുകാര്‍ നിര്‍മിച്ചവയാണെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സി. എന്‍ജിനീയര്‍ അറിയിച്ചു. ഇവയില്‍ ആവശ്യമായവ ശാസ്ത്രീയമായി പുനര്‍നിര്‍മിക്കുന്നതിനും അനാവശ്യമായവ നീക്കം ചെയ്യുന്നതിനും 73,45,000 രൂപക്കുള്ള എസ്റ്റിമേറ്റ് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അശാസ്ത്രീയമായ ഹമ്പുകള്‍ അപകടം വരുത്തുകയാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇവ ഉടന്‍ നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചു. വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യ വകുപ്പിലും നിയമനം നടത്താവുന്ന മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൃക്കരോഗികള്‍, അര്‍ബുദ രോഗികള്‍ തുടങ്ങിയവരുടെ വരുമാന പരിധി കണക്കാക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍െറ ഉത്തരവ് പ്രകാരം ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഇത്തരം രോഗികള്‍ക്കാണ് മുന്തിയ പരിഗണന നല്‍കിയിട്ടുള്ളത്. രണ്ട് മാസത്തിനുശേഷം കാര്‍ഡ് പുതുക്കി ലഭിക്കുമ്പോള്‍ ഇത്തരം രോഗികള്‍ക്ക് ബി.പി.എല്‍ കാര്‍ഡിന് സമാനമായ മുന്‍ഗണനാ കാര്‍ഡുകള്‍ ലഭിക്കുന്നതാണെന്നും ജില്ലാ സപൈ്ള ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. ആര്.എം.എസ്.എ വിദ്യാലയങ്ങളുടെ അധ്യാപകരുടെ പ്രശ്നം പരിഹരിക്കുന്നതിനും കെ.ഇ.ആര് അനുസരിച്ച് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി അധ്യാപകരെ നിയമിച്ച് ശമ്പളം നല്‍കണമെന്നും ആര്.എം.എസ്.എ ഫണ്ട് ട്രഷറിയില്‍ അടക്കുന്നതിന് സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുയര്‍ന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ കെ.എസ്.ടി.പി റോഡ് വികസനത്തിനായി മുറിച്ചുമാറ്റിയ മരത്തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യാത്തത് മാലിന്യപ്രശ്നം രൂക്ഷമാക്കുന്നതായും യോഗത്തില്‍ ചൂണ്ടിക്കാട്ടി. റിവര്‍ മാനേജ്മെന്റ് ഫണ്ടിലുള്‍പ്പെടുത്തി എം.പി, എം.എല്‍.എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സംയുക്ത പോജക്ടുകളായി നടപ്പാക്കുന്ന ആറാട്ടുകടവ്-പിണ്ടിക്കടവ് നടപ്പാലങ്ങളുടെ നിര്‍മാണം അടിയന്തരമായി ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ബി. അബ്ദുറസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന് (ഉദുമ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി. ശ്യാമളാദേവി, നീലേശ്വരം നഗസഭാ ചെയര്പേഴ്സന് വി. ഗൗരി, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്മാന് പ്രഭാകരന് വാഴുന്നോറടി, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി എ.ജി.സി. ബഷീര്‍, ബ്ളോക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് ടി.വി. ഗോവിന്ദന്, എ.ഡി.എം എച്ച്. ദിനേശന്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അരവിന്ദാക്ഷന്, വിവിധ വകുപ്പുകളിലെ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story