Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2015 11:42 AM GMT Updated On
date_range 2015-10-22T17:12:18+05:30വ്യാജ മനുഷ്യാവകാശ സംഘടനകള്‍ കോടികള്‍ തട്ടുന്നതായി പരാതി
text_fieldsകാസര്‍കോട്: ജില്ലയില്‍ വ്യാജ മനുഷ്യാവകാശ സംഘടനകള്‍ കോടികള്‍ തട്ടുന്നതായി മനുഷ്യാവകാശ കമീഷന് അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന മനുഷ്യാവകാശ സിറ്റിങ്ങില്‍ ഇതു സംബന്ധിച്ച പരാതി പരിഗണിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് എന്ന വ്യാജ മനുഷ്യാവകാശ സംഘടന മണിചെയിന്‍ രീതിയില്‍ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കമീഷന് നേരിട്ട് അന്വേഷിച്ചതിനെ തുടര്‍ന്ന് വ്യാജസംഘടനകളുടെ പ്രവര്‍ത്തനം വ്യാപകമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനോട് കമീഷന് ആവശ്യപ്പെട്ടു. ഇത്തരം സംഘടനകളില്‍ അകപ്പെട്ട് പണം നഷ്ടപ്പെട്ടവരുടെ സ്രോതസുകള്‍ അറിയാന്‍ ഇന്‍കംടാക്സ് ഡിപ്പാര്ട്ടമെന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സമാനസംഭവം കൊല്ലം ജില്ലയിലും അടുത്തിടെ ഉണ്ടായതായി കമീഷന് പറഞ്ഞു. യു.പി സ്കൂള്‍ ടീച്ചര്‍ തസ്തികയില്‍ വികലാംഗര്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിച്ചില്ളെന്ന പരാതിയില്‍ ഡി.ഡി.ഇ കമീഷന് മുമ്പാകെ ഹാജരായി. അഡൈ്വസ് ലഭിച്ച മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കിയെന്ന് ഡി.ഡി.ഇ സത്യവാങ്മൂലം സമര്‍പ്പിച്ചതിനാല്‍ ഈ കേസ് അവസാനിപ്പിച്ചു. കാസര്‍കോട് ജില്ലയില്‍ അണ്‍എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരെയും ഉദ്യോഗസ്ഥരെയും അകാരണമായി പിരിച്ചുവിടുന്നത് കൂടുതലാണെന്ന് കമീഷന് നിരീക്ഷിച്ചു. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് കമീഷന് മുമ്പാകെ എത്തിയത്. ബുധനാഴ്ച നടന്ന സിറ്റിങ്ങില്‍ 89 പരാതികള്‍ പരിഗണിച്ചു.
Next Story