Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2015 11:07 AM GMT Updated On
date_range 9 Oct 2015 11:07 AM GMTഭവനശ്രീ പദ്ധതി: ഗുണഭോക്താക്കള്‍ വോട്ട് ബഹിഷ്കരണത്തിന്
text_fieldsbookmark_border
ബദിയടുക്ക: ഭവനശ്രീ പദ്ധതിയില്‍ വായ്പ എടുത്തവര്‍ക്ക് പട്ടയം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കാറഡുക്ക പഞ്ചായത്തില്‍ ഗുണഭോക്താക്കളുടെ വോട്ട് ബഹിഷ്കരണ ഭീഷണി. പഞ്ചായത്തിലെ 15 വാര്‍ഡുകളിലായുള്ള 82 ഗുണഭോക്താക്കളാണ് വോട്ട് ബഹിഷ്കരിക്കുമെന്ന് പറയുന്നത്. ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ വ്യാഴാഴ്ച രാത്രി ഗുണഭോക്താക്കള്‍ യോഗം ചേരുന്നുണ്ട്. പഞ്ചായത്തും കുടുംബശ്രീയും തമ്മിലുള്ള കരാറിന്‍െറ അടിസ്ഥാനത്തില്‍ കാസര്‍കോട് എസ്.ബി.ഐ ബാങ്കില്‍നിന്ന് 50,000 രൂപ തോതിലാണ് ഓരോ ഗുണഭോക്താവിനും വായ്പയായി നല്‍കിയത്. പട്ടയം പണയപ്പെടുത്തിയുള്ള വായ്പയിലേക്ക് ഒന്നരവര്‍ഷത്തോളം പ്രതിമാസം 730 രൂപ തോതില്‍ തിരിച്ചടച്ചിട്ടുമുണ്ട്. പിന്നീട് സര്‍ക്കാര്‍ വായ്പാ കുടിശ്ശിക എഴുതിത്തള്ളിയെങ്കിലും ഈടായി നല്‍കിയ പട്ടയത്തിനായി ഉപഭോക്താക്കള്‍ പഞ്ചായത്തിലും ബാങ്കിലും കയറിയിറങ്ങുകയാണ്. കഴിഞ്ഞ ആറുവര്‍ഷമായി തങ്ങളുടെ പ്രമാണം ലഭിക്കാന്‍ ശ്രമിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്തില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും അനുകൂല മറുപടി ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മരണപ്പെട്ട ഒരാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പലിശ അടക്കം പൂര്‍ണമായും തുക അടച്ചതിനാല്‍ പട്ടയം ലഭിച്ചതായി പറയുന്നു. എന്നാല്‍, ബാക്കി വരുന്ന 82 കുടുംബങ്ങള്‍ക്ക് പട്ടയവുമില്ല അടച്ച് തീര്‍ക്കാനുള്ള പണവുമില്ലാതെ ആശങ്കയിലാണ്. സംഭവത്തെക്കുറിച്ച് പഞ്ചായത്തും പദ്ധതിയുടെ കോഓഡിനേറ്ററും ഉപഭോക്താക്കള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ല. എഴുതിത്തള്ളിയ പണം സര്‍ക്കാറില്‍നിന്ന് ലഭിക്കാത്തതിനാലാണ് പ്രമാണം തിരികെ നല്‍കാത്തതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ ഭവനശ്രീ പദ്ധതി പ്രകാരം വീട് നിര്‍മിക്കാന്‍ 10 സഹകരണ ബാങ്ക് ശാഖകളില്‍നിന്നും വായ്പയെടുത്ത 289 ഗുണഭോക്താക്കളുടെ 1,21,09,683 രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കുടുംബശ്രീ മിഷന്‍െറ ആഭിമുഖ്യത്തില്‍ സി.ഡി.എസിന്‍െറ ഗ്യാരന്‍റിയോടുകൂടിയാണ് ബാങ്കുകള്‍ നേരത്തേ വായ്പ അനുവദിച്ചത്. ഇത്തരത്തില്‍ സഹകരണ ബാങ്കുകളില്‍നിന്ന് ഭവനശ്രീ വായ്പയെടുത്ത മൊത്തം 3543 ഗുണഭോക്താക്കളുടെ 14,39,10,134 രൂപയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പാവപ്പെട്ടവര്‍ വീട് നിര്‍മിക്കാനെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാതായപ്പോഴാണ് സര്‍ക്കാര്‍ അവരുടെ വായ്പ എഴുതിത്തള്ളുകയും ആ ബാധ്യത ഏറ്റെടുക്കുകയും ചെയ്തത്. സംസ്ഥാനത്തെ 57 സഹകരണ ബാങ്കുകള്‍ മുഖേന നല്‍കിയ വായ്പകളാണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ഇതില്‍ 8.15 കോടി രൂപ കുടിശ്ശിക കഴിഞ്ഞ് മുതല്‍ ഇനത്തില്‍ 6.24 കോടി രൂപ 7.5 ശതമാനം പലിശ നിരക്കില്‍ ആറുവര്‍ഷംകൊണ്ട് തിരിച്ചടക്കാനാണ് സര്‍ക്കാറും ബാങ്കുമായുള്ള ഉടമ്പടി. ഇതനുസരിച്ച് ഓരോ വര്‍ഷവും 1.33 കോടി രൂപ വീതം നല്‍കേണ്ടിവരും. ദേശസാത്കൃത ബാങ്കുകള്‍ മുഖേന എടുത്ത ഭവനശ്രീ വായ്പകളുടെ ബാധ്യത നേരത്തേ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
Next Story