Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2015 10:58 AM GMT Updated On
date_range 26 Nov 2015 10:58 AM GMTതെരുവുനായ നിയന്ത്രണം ആദ്യനടപടി
text_fieldsbookmark_border
കാസര്‍കോട്: ജില്ലയിലെ തെരുവുനായ നിയന്ത്രണമാണ് ജില്ലാപഞ്ചായത്തിന്‍െറ ആദ്യ നടപടിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ് എന്നിവര്‍. ജില്ലാപഞ്ചായത്തിനെ ഐ.എസ്.ഒ നിലവാരത്തിലേക്കത്തെിക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് പ്രസിഡന്‍റ് എ.ജി.സി ബഷീര്‍ വ്യക്തമാക്കി. തെരുവുനായവേട്ടക്കായി സര്‍ക്കാര്‍ 1.31 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കി പ്രശ്നപരിഹാരത്തിന് തുടക്കമിടും. ഉക്കിനടുക്ക മെഡിക്കല്‍ കോളജും കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജും യാഥാര്‍ഥ്യമാക്കും. ജില്ലാ പഞ്ചായത്തിന്‍െറ ആദ്യയോഗത്തില്‍ കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ് ചര്‍ച്ച ചെയ്യും. ആവശ്യമെന്നു കണ്ടാല്‍ കേന്ദ്രമന്ത്രിയെ കാണും. സ്കൂളുകളില്‍ ഭൗതിക സൗകര്യം മെച്ചപ്പെടുത്തും. വികലാംഗരുടെ പ്രശ്നങ്ങള്‍ക്ക് മുന്തിയപരിഗണന നല്‍കും. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തും. മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം സ്ഥാപിക്കാനുള്ള നടപടികളും ജില്ലാ പഞ്ചായത്തിന്‍െറ ഭാഗത്തുനിന്നുണ്ടാകും. ജില്ലാ പഞ്ചായത്തിന്‍െറ കൈവശമുള്ള 73 റോഡുകള്‍ ഉന്നത നിലവാരമുള്ള റോഡുകളാക്കും. നിലവിലെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍ തന്നെ ജില്ലയിലെ 80 ശതമാനം കുടിവെള്ള പ്രശ്നവും പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 100 പഞ്ചായത്തുകളില്‍ ഇ-സാക്ഷരത പദ്ധതി നടപ്പാക്കുന്നതില്‍ ഏഴ് പഞ്ചായത്തുകള്‍ കാസര്‍കോട്ടാണ്. ഈ പഞ്ചായത്തുകളില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതു പ്രകാരം വൈഫൈ സംവിധാനം ഒരുക്കുന്നതിന് 50 ശതമാനം കേന്ദ്രഫണ്ടും 50 ശതമാനം സംസ്ഥാനഫണ്ടും ലഭിക്കും. ജില്ലാ പഞ്ചായത്തിന് ബാധ്യതയില്ലാതെ ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കും. ഓരോ പഞ്ചായത്തുകളിലും 35 വൈഫൈ പോയന്‍റുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ജില്ലയിലെ പട്ടിക വര്‍ഗ കോളനികള്‍ വികസിപ്പിക്കും. ആയിരത്തോളം വരുന്ന പട്ടികവര്‍ഗ കോളനികളുടെ വികസനം ലക്ഷ്യമാക്കി ആറു ബ്ളോക്കുകള്‍ കേന്ദ്രീകരിച്ച് ആദാലത്ത് സംഘടിപ്പിക്കും. പട്ടികവിഭാഗക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. ഒരു കോളനിയെ പൂര്‍ണമായും ദത്തെടുക്കും. ഉന്നത വിദ്യാഭ്യാസം വിദ്യാര്‍ഥികളിലത്തെിക്കാന്‍ ക്വാളിറ്റി എജുക്കേഷന്‍ പദ്ധതി നടപ്പാക്കും. ഉല്‍പാദന മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതിന്‍െറ ഭാഗമായി ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച നടത്തി കാര്‍ഷിക രംഗത്ത് മാറ്റം വരുത്തും. ജൈവവള നിര്‍മാണത്തിന് ജില്ലയിലെ ക്ഷീര കര്‍ഷക സംഘങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും. പദ്ധതികള്‍ പരമാവതി സുതാര്യവും സജീവവുമാക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്നത് അന്യ ജില്ലക്കാരായ ജീവനക്കാരാണ്. പലരും സ്ഥലം മാറി പോകുന്നതിനാല്‍ പല വകുപ്പുകളിലും പദ്ധതിപ്രവര്‍ത്തനങ്ങള്‍ മുടങ്ങി. ഇതിനു പരിഹാരം കാണാന്‍ തദ്ദേശീയരായ ഉദ്യോഗാര്‍ഥികളെ സൃഷ്ടിക്കാന്‍ പഞ്ചായത്തുതലത്തില്‍ പി.എസ്.സി കോച്ചിങ് സെന്‍റര്‍ തുടങ്ങുമെന്നും പ്രസിഡന്‍റ് പറഞ്ഞു. പ്രതിപക്ഷ വ്യത്യാസം കൂടാതെ ഭരണം ഏകോപിപ്പിച്ചു കൊണ്ടുപോകുമെന്ന് വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ് പറഞ്ഞു. 100ലേറെ പാലുല്‍പാദന സഹകരണസംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലുല്‍പാദന മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നും അവര്‍ പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്‍റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതവും ജോയന്‍റ് സെക്രട്ടറി കെ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
Next Story