Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2015 12:44 PM GMT Updated On
date_range 20 Dec 2015 12:44 PM GMTഇരകളുടെ കടബാധ്യതകള്‍ എഴുതി തള്ളുന്നതിന് 10 കോടി വകമാറ്റും
text_fieldsbookmark_border
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടത്തെുന്നതിന് ഫെബ്രുവരിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് മന്ത്രി കെ.പി. മോഹനന്‍. എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാ തല സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടബാധ്യതകള്‍ എഴുതി തള്ളുന്നതിന് 10 കോടി രൂപ വകമാറ്റുന്നതിന് നടപടിയെടുക്കും. ഈ മാസം 31 നകം തുക കൊടുത്തു തീര്‍ക്കാന്‍ കഴിയുന്ന വിധം 21ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കടം എഴുതി തള്ളുന്നതിന് വാണിജ്യ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും യോഗം ചേര്‍ന്നതായി ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. വായ്പയുടെ മുതല്‍ സര്‍ക്കാര്‍ അടക്കും. പലിശ എഴുതി തള്ളാന്‍ വാണിജ്യ ബാങ്കുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പലിശ എഴുതി തള്ളുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതിന് കലക്ടര്‍ സഹകരണ രജിസ്ട്രാര്‍ക്ക് എഴുതിയിട്ടുണ്ട്. ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത രോഗികള്‍ ഡിസംബര്‍ 31 നകം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി അപേക്ഷ നല്‍കണം. ദുരിതബാധിത മേഖലയിലെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനുവരി ആറിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ജനുവരി ഒന്നിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗവും ചേരും. ഇതിന് മുന്നോടിയായി ഡിസംബര്‍ 31നകം ഗ്രാമ പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. ഈ യോഗങ്ങളിലെ നിര്‍ദേശങ്ങള്‍ ആറിന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദുരിതബാധിതര്‍ക്ക് അനുവദിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ജനുവരി ഒന്നിന് കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ വിതരണം ചെയ്യും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള പുനരധിവാസഗ്രാമം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫണ്ടിന്‍െറ കുറവല്ല സാങ്കേതിക പ്രശ്നങ്ങളാണ് പുനരധിവാസ പ്രവൃത്തികളിലേറെയും വൈകാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. പുനരധിവാസ ഗ്രാമത്തിന്‍െറ മാസ്റ്റര്‍ പ്ളാന്‍ ഉടന്‍ തയാറാക്കും. പദ്ധതിയെക്കുറിച്ച് സാമൂഹികനീതി, ആരോഗ്യ, കൃഷി വകുപ്പുകള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. പ്ളാന്‍േറഷന്‍ കോര്‍പറേഷനും സാമൂഹിക നീതി വകുപ്പും ഇതു സംബന്ധിച്ച് ധാരണാ പത്രത്തില്‍ ഒപ്പുവെക്കും. ദുരിത ബാധിതനായ ശ്രീജേഷിന് ബംഗളൂരുവിലെ ആശുപത്രിയില്‍ കോശചികിത്സക്ക് ഏഴു ലക്ഷം രൂപ അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. ദുരിതബാധിത പഞ്ചായത്തുകളില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. ജനുവരി 10 നകം സ്നേഹ നിധി വഴി ബഡ്സ് സ്കൂളുകള്‍ക്ക് വാഹനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അജാനൂര്‍ പഞ്ചായത്തില്‍ നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ് പദ്ധതികളില്‍ നിര്‍ദേശിച്ച 44 ലക്ഷം രൂപയുടെ നാല് പദ്ധതികള്‍ക്ക് പുതിയ പ്രൊജക്ടുകള്‍ സമര്‍പ്പിക്കാന്‍ യോഗം പഞ്ചായത്തിന് നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. പി.കെ. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, അസി. നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അഷീല്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ എ.കെ.എം. അഷ്റഫ്, മുഹമ്മദ് കുഞ്ഞി ചായിന്‍റടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story