കണ്ടങ്കാളി സമരം: തെരുവിൽ പുത്തരി കുത്തി സമരം
text_fieldsപയ്യന്നൂർ: കണ്ടങ്കാളിയിൽ വിശാലമായ നെൽപാടം നികത്തി പെട്രോളിയം സംഭരണശാല സ്ഥാപി ക്കുന്നതിനെതിരെ സമരസമിതി തെരുവിൽ പുത്തരിവെച്ച് പ്രതിഷേധിച്ചു. സ്പെഷൽ തഹസിൽദാർ ഓഫിസിന് മുന്നിൽ 21 ദിവസമായി തുടരുന്ന അനിശ്ചിതകാല സത്യഗ്രഹപ്പന്തലിലാണ് അടുപ്പുകൂട്ടി അമ്മമാരുടെ നേതൃത്വത്തിൽ പുത്തരിപ്പായസം വെച്ചത്. നിർദിഷ്ട പദ്ധതിപ്രദേശത്ത് സമരസമിതി കൃഷിചെയ്ത് കൊയ്ത തവ്വൻ പുന്നെല്ലു കുത്തിയാണ് പുത്തരിവെച്ചത്.
ഉരലിൽ നെല്ല് കുത്തിയും തടുപ്പയിൽ പാറ്റിച്ചേറിയും നാട്ടിപ്പാട്ട് പാടിയും അമ്മമാർ സമരവേദി സജീവമാക്കി. കണ്ടങ്കാളിയിലെ മുതിർന്ന കർഷകത്തൊഴിലാളികളായ കുരുടിയാടി മാണിക്യം പുത്തരിപ്പായസം മൂന്നര വയസ്സുള്ള ആദിത്യൻ, ആനന്ദ് എന്നീ കുട്ടികൾക്ക് വിളമ്പി സമരം ഉദ്ഘാടനം ചെയ്തു.
അമ്മമാരായ റോസ ലൂക്കോസ്, കെ. ശാരദ, പത്മാവതി വട്ടക്കൊവ്വൽ, മാടക്ക ജാനകി, പത്മിനി കണ്ടങ്കാളി, എം. കമല, ടി.പി. കാർത്യായനി, ഇ. ദേവി, പി. രതി, പി. രത്നകുമാരി എന്നിവർ നേതൃത്വം നൽകി.ടൗണിൽ കർഷകപ്രകടനവും നടന്നു. നുകവും കലപ്പയും ഉരലും ഉലക്കയും ഊവ്വോണിയും വിത്തൂട്ടിയും നെല്ലും തോരണവും എല്ലാംകൊണ്ട് കർഷകജാഥ പുതുമയായി. പപ്പൻ കുഞ്ഞിമംഗലം, മഹേഷ് പോള, ഭാസ്കരൻ കണ്ടങ്കാളി, പി.പി. രാജൻ, ലാലു തെക്കെതലക്കൽ, മാടക്ക ബാബു എന്നിവർ നേതൃത്വം നൽകി.അമേരിക്കൻ കോർപറേറ്റുകൾക്ക് വിൽക്കാൻ പോകുന്ന എണ്ണക്കമ്പനിക്ക് കണ്ടങ്കാളിവയൽ ഏറ്റെടുത്തുനൽകാൻവേണ്ടി പയ്യന്നൂരിൽ തഹസിൽദാർ ഓഫിസ് പ്രവർത്തിക്കുന്നത് കേരളത്തിന് നാണക്കേടാണെന്ന് സമരസമിതി ചെയർമാൻ ടി.പി. പത്മനാഭൻ പറഞ്ഞു. പി.കെ. ഭാഗ്യലക്ഷ്മി, അപ്പുക്കുട്ടൻ കാരയിൽ, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, മണിരാജ് വട്ടക്കൊവ്വ ൽ, അത്തായി ബാലൻ, ഹരി ചക്കരക്കല്ല്, ഹരിസി, വിനോദ് കുമാർ രാമന്തളി എന്നിവർ സംസാരിച്ചു.