മാലിന്യം നീക്കും; ചിറക്കൽ ചിറക്ക് ശാപമോക്ഷം
text_fieldsപുതിയതെരു: നാശത്തിെൻറ വക്കിലായ ചിറക്കൽ ചിറക്ക് ശാപമോക്ഷം. ചിറയെ സംരക്ഷിച്ച് നിലനിർത്തുന്നതിന് ജില്ല ഭരണകൂടം സമർപ്പിച്ച എസ്റ്റിമേറ്റിൽ സംസ്ഥാനസർക്കാർ 2.30 കോടി അനുവദിച്ചു. നവീകരണപദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ചിറ നവീകരണ പ്രവൃത്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച ഉച്ച 2.30ന് മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. ചടങ്ങിൽ കെ.എം. ഷാജി എം.എൽ.എ അധ്യക്ഷത വഹിക്കും. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിെൻറ ഭാഗമായി 2016ൽ ചിറയിലെ ആമ്പലുകളും പായലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. അന്നുതന്നെ 2017 ഏപ്രിലോടെ ചിറയിലെ വെള്ളം വറ്റിയാൽ ചളി പൂർണമായും നീക്കംചെയ്യുമെന്നും ചിറയെ പൗരാണിക രീതിയിൽ പൈതൃകസ്വത്തായും ജില്ലയിലെ പ്രധാന ജലസ്രോതസ്സായും സംരക്ഷിക്കുമെന്നും മന്ത്രിമാർ ഉദ്ഘാടനപ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തുടർ നടപടിയുണ്ടായിട്ടില്ല.
മാലിന്യം നീക്കംചെയ്യൽ ദിവസങ്ങളെടുത്താണ് പൂർത്തീകരിച്ചതെങ്കിലും തുടർ ശുചീകരണപ്രവൃത്തി നടത്താത്തതിനാൽ ആമ്പലുകളും പായലുകളും ചിറയെ പിന്നീട് പൂർണമായും വിഴുങ്ങിയിരുന്നു. ജില്ല നിർമിതികേന്ദ്രയുടെ നേതൃത്വത്തിലാണ് ആദ്യം ശുചീകരണപ്രവൃത്തി നടത്തിയത്. ചിറയിൽ മാലിന്യങ്ങളും പായലും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും കൊണ്ട് നിറഞ്ഞ കാഴ്ചയാണ് നിലവിലുള്ളത്. കാലങ്ങളായി അടിഞ്ഞുകൂടിയ ചളിയും പായലും നീക്കംചെയ്താൽ മാത്രമേ മികച്ച ശുദ്ധജലസംഭരണിയായി ചിറയെ മാറ്റിയെടുക്കാൻ സാധിക്കുള്ളൂ. അതോടൊപ്പം ചിറക്ക് ചുറ്റും പടവുകൾ പണിതും സംരക്ഷണഭിത്തി നിർമിച്ചും ഇതിനെ മനോഹമരമാക്കണമെന്ന ആവശ്യവും ശക്തമാണ്. ചിറയുടെ അനുബന്ധമായുള്ള പുരാതനമായ കുളിപ്പുരകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ സംരക്ഷിച്ച് നിലനിർത്തേണ്ടതുണ്ട്. ചെമ്മഞ്ചേരി ചിറയെന്നും ബെമ്മഞ്ചേരി ചിറയെന്നും അറിയപ്പെട്ട ചിറക്കൽ ചിറക്ക് 350 വർഷത്തിലധികം പഴക്കമുണ്ട്.
കഴിഞ്ഞ ആറു വർഷത്തിലധികമായി ഇൗ ചിറയെ വരൾച്ച നേരത്തെതന്നെ ബാധിക്കാറുണ്ട്. മഴക്കാലത്ത് കുത്തിയൊലിച്ചെത്തിയ ചളി ചിറയിൽ നിറഞ്ഞിരിക്കുകയാണ്. 318 മീറ്റർ നീളത്തിൽ 150 മീറ്റർ വീതിയിലുള്ള ചിറ 14.70 ഏക്കർ ഭൂവിസ്തൃതിയിൽ മനോഹരമായി കൊത്തിയെടുത്ത കല്ലുകൾ കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. ചിലമാസങ്ങളിൽ വിവിധയിനം ദേശാടന പക്ഷികളും കൂടാതെ എരണ്ട, കൊക്കുകൾ തുടങ്ങിയ പക്ഷികളുടെയും ആവാസകേന്ദ്രമായി ചിറ മാറിയിട്ടുണ്ട്.
ചിറ ഇന്നും ചിറക്കൽ രാജകുടുംബത്തിെൻറ അധീനതയിലാണ്. ജലവിഭവ വകുപ്പാണ് പുനരുദ്ധാരണപ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
