Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:02 AM IST Updated On
date_range 5 Jan 2020 5:02 AM ISTവണ്ണാത്തിക്കടവ് പാലത്തിന് ഇന്ന് ശിലയിടും; ഇരിണാവ് പാലം തുറക്കും
text_fieldsbookmark_border
പയ്യന്നൂർ: കല്യാശ്ശേരി മണ്ഡലത്തിലെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ വണ്ണാത്തിക്കടവിൽ നിർമിക്കുന്ന പുതിയ പാലത്തിൻെറ പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പതിന് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിനു സമീപത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. കല്യാശ്ശേരി മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നിർമാണം പൂർത്തിയായ ഇരിണാവ് പുതിയ പാലത്തിൻെറ ഉദ്ഘാടനവും ഞായറാഴ്ച രാവിലെ 11ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ചടങ്ങുകളിൽ ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇരിണാവ് പാലം നിർമിക്കുന്നതിന് സർക്കാർ 16.45 കോടി രൂപയാണ് അനുവദിച്ചത്. പാലം നിര്‍മാണത്തിന് 2009 ജൂലൈയിൽ 9.25 കോടി രൂപയുടെ അനുമതി നല്‍കിയതാണ്. പാലത്തിൻെറ ഡിസൈനും തയാറാക്കി. എന്നാൽ, പാലവും അപ്രോച്ച് റോഡും നിര്‍മിക്കാനുള്ള സ്ഥലം തടസ്സമില്ലാതെ ലഭ്യമായാല്‍ മാത്രമേ ടെന്‍ഡര്‍ ആരംഭിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയാറായില്ല. ഇതോടെ ഉത്തരവിൻെറ കാലാവധി കഴിഞ്ഞു. പിന്നീട് ഭൂമി ഏറ്റെടുക്കല്‍ നടപടി പുനരാരംഭിച്ചു. ഇതിനായി 42.38 ലക്ഷം രൂപ സ്ഥലം ഏറ്റെടുക്കാന്‍ സർക്കാർ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായതിനെ തുടര്‍ന്നാണ് സർക്കാർ 16.45 കോടി രൂപയുടെ പുതിയ ഭരണാനുമതി പാലം നിര്‍മാണത്തിനായി നല്‍കിയത്. പുതുതായി നിർമിച്ച പാലത്തിന് 171 മീറ്റർ നീളവും 11.05 മീറ്റർ വീതിയും ഒമ്പത് സ്പാനുകളും ഇരിണവ് ഭാഗത്ത് 50 മീറ്റർ നീളവും മാട്ടൂൽ ഭാഗത്ത് 80 മീറ്റർ നീളത്തിലും അപ്രോച്ച് റോഡും പുതിയ പാലത്തിന് ഉണ്ട്. നിലവിലുള്ള പഴയ ഡാം പാലം ഏറെ അപകടാവസ്ഥയിലായിരുന്നു. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിക്കടവിൽ പുതിയതായി നിർമിക്കുന്ന പാലത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8.49 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. മലയോരത്തേക്കുള്ള പ്രധാന റോഡായ പിലാത്തറ -മാതമംഗലം പാതയിൽ 1963ൽ നിർമിച്ച നിലവിലുള്ള പാലം വീതി കുറവായതിനാൽ വാഹനങ്ങൾ കടന്നുപോകുന്നതിന് ഏറെ പ്രയാസം നേരിടുകയാണ്. ഇതിനാൽ പുതിയ പാലം വേണമെന്ന ജനങ്ങളുടെ ഏറെ നാളുകളായിട്ടുള്ള ആവശ്യമാണ് യാഥാർഥ്യമാകാൻ പോകുന്നത്. പുതിയതായി നിർമിക്കുന്ന പാലത്തിന് 140 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ടാകും. ഇതിൽ 7.5 മീറ്റർ റോഡും ഇരുഭാഗത്തുമായി 1.5 മീറ്റർ വീതിയിൽ ഫൂട്പാത്തും നിർമിക്കും. പിലാത്തറ ഭാഗത്ത് 315 മീറ്റർ നീളത്തിലും മറുഭാഗത്ത് 50 മിറ്റർ നീളത്തിലും അപ്രോച്ച് റോഡും നിർമിക്കും. ഇരുപാലങ്ങളുടെയും ഉദ്ഘാടനച്ചടങ്ങ് ആഘോഷമാക്കി മാറ്റുന്നതിനായി നാട് ഒരുങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story