Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2019 11:31 PM GMT Updated On
date_range 30 Dec 2019 11:31 PM GMTചെറുപുഴ പാണ്ടിക്കടവ് ചെക്ഡാമില്‍ വെള്ളം സംഭരിക്കാനുള്ള നടപടി പാളി
text_fieldsചെറുപുഴ: ചെറുപുഴ പഞ്ചായത്തിലൂടെ ഒഴുകുന്ന തിരുമേനി തോടിനു കുറുകെ പാണ്ടിക്കടവിലുള്ള ചെക്ഡാമിനു കുറുകെ വെള്ളം കെട്ടിനിര്‍ത്താന്‍ ആഴ്ചകള്‍ക്ക് മുമ്പ് സ്ഥാപിച്ച ഷട്ടറുകള്‍ ചോര്‍ച്ചയെ തുടര്‍ന്ന് അഴിച്ചുനീക്കി. ഷട്ടറുകള്‍ നീക്കം ചെയ്തതോടെ, ഡാമില്‍ സംഭരിച്ചിരുന്ന വെള്ളമത്രയും പാഴായി. ഷട്ടറുകളിട്ടിട്ടും വെള്ളം ചോരുന്നതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പിൻെറ നിർദേശപ്രകാരമാണ് ഷട്ടറുകള്‍ അഴിച്ചുനീക്കിയത്. വേനല്‍ക്കാലത്തെ ആവശ്യങ്ങള്‍ക്ക് വെള്ളം സംഭരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജലവിഭവ വകുപ്പ് നിർമിച്ചതാണ് പാണ്ടിക്കടവ് ചെക് ഡാം. വേനല്‍ അടുത്തതോടെ പുതിയ ഷട്ടറുകളിട്ട് വെള്ളം സംഭരിക്കാന്‍ തുടങ്ങിയിരുന്നു. മരപ്പലകകള്‍ക്ക് പകരം ഫൈബര്‍ ബോര്‍ഡുകളാണ് ഷട്ടറിനായി ഉപയോഗിച്ചത്. എന്നാല്‍, ഇവ സ്ഥാപിച്ചതിലെ അപാകത മൂലം വെള്ളം ചോര്‍ന്നുതുടങ്ങി. ഇതിനെതിരെ മുന്‍ പഞ്ചായത്ത്അംഗം ഇ.വി. നാരായണന്‍ വിജിലന്‍സില്‍ പരാതി നല്‍കി. വകുപ്പ് മന്ത്രിയുടെ ഓഫിസും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഷട്ടറുകള്‍ സ്ഥാപിക്കാന്‍ കരാറെടുത്തവര്‍ ഇന്നലെ രാവിലെ സ്ഥലത്തെത്തി ഷട്ടറുകള്‍ അഴിച്ചുമാറ്റുകയായിരുന്നു. അപാകത പരിഹരിച്ച് ഷട്ടറുകള്‍ പുനഃസ്ഥാപിക്കാനാണ് കരാറുകാരുടെ നീക്കം. രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച ഷട്ടറുകള്‍ ചോര്‍ന്ന് ജലനിരപ്പ് താഴാന്‍ തുടങ്ങിയതോടെ വേനല്‍ക്കാലത്തേക്ക് ഇത് പ്രയോജനപ്പെടില്ലെന്ന് ഉറപ്പായിരുന്നു. മാത്രമല്ല, മഴക്കാലത്ത് ഡാമില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കാതെയാണ് ഷട്ടറുകള്‍ സ്ഥാപിച്ചതെന്നും ആക്ഷേപമുണ്ട്. ഇതിനിടെ ഷട്ടറിനു തകരാറുകളില്ലെന്നും ശരിയായ രീതിയില്‍ സ്ഥാപിക്കാത്തതാണു ചോര്‍ച്ചക്ക് കാരണമെന്നും ഷട്ടര്‍ നല്‍കിയ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ചെക്ക് ഡാമിന് കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെയാണ് ഇത്തവണ ഷട്ടറിട്ട് വെള്ളം സംഭരിക്കാന്‍ തുടങ്ങിയത്. ഡാമിൻെറ ഒരു ഭാഗത്ത് മാത്രമാണ് സംരക്ഷണഭിത്തിയുള്ളത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ സംരക്ഷണഭിത്തിക്കും കേടുപാടുകളുണ്ടായി. ഇത് പുനര്‍നിർമിക്കാനും അധികൃതര്‍ തയാറായില്ല. പഞ്ചായത്ത് പരിധിയില്‍ നടക്കുന്ന ഇത്തരം ക്രമക്കേടുകള്‍ പഞ്ചായത്ത് അധികൃതരും അറിഞ്ഞമട്ടില്ല.
Next Story