Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൗരത്വ രജിസ്​റ്റർ അല്ല...

പൗരത്വ രജിസ്​റ്റർ അല്ല മനുഷ്യത്വ രജിസ്​റ്ററാണ് വേണ്ടത് -എം.വി. ജയരാജൻ

text_fields
bookmark_border
ന്യൂ മാഹി: ജാതിമത-വർഗീയ-തീവ്രവാദ ശക്തികൾ വളർന്ന് വരുന്ന ഇക്കാലത്ത് ഗുരു സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും മനുഷ്യ ജാതിയായി നമുക്ക് ജീവിക്കാൻ കഴിയണമെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ. ഏടന്നൂർ ശ്രീനാരായണമഠം സംഘടിപ്പിച്ച കുമാരനാശാൻെറ ചിന്താവിഷ്ടയായ സീത ശതാബ്ദി ആഘോഷത്തിൻെറ ഭാഗമായുള്ള പ്രഭാഷണവും പുനർവായനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന ഒരു കാലത്ത് നൂറ് വർഷം മുമ്പ് രചിക്കപ്പെട്ട ചിന്താവിഷ്ടയായ സീതക്ക് പ്രസക്തിയേറെയാണ്. പൗരത്വ രജിസ്റ്റർ അല്ല മനുഷ്യത്വ രജിസ്റ്ററാണ് ഉണ്ടാവേണ്ടത്. സ്ത്രീ വിരുദ്ധ വ്യവസ്ഥിതിയോട് ആശാനുണ്ടായിരുന്ന പ്രതിഷേധം സീതയിൽ വ്യക്തമായി കാണാൻ നമുക്ക് കഴിയും. സ്ത്രീകൾ അങ്ങേയറ്റം അടിച്ചമർത്തപ്പെട്ട ഒരു കാലത്ത് സ്ത്രീ പുരുഷ തുല്യതയുടെ സന്ദേശമാണ് സീത ഉയർത്തുന്നതെന്നും എം.വി.ജയരാജൻ പറഞ്ഞു. അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള ഊർജമാണ് സീതയിലൂടെ വർത്തമാനകാല സ്ത്രീ സമൂഹത്തിന് ലഭിക്കുന്നതെന്ന് സാഹിത്യ നിരൂപകനും മടപ്പള്ളി കോളജ് അധ്യാപകനുമായ കെ.വി.സജയ് പറഞ്ഞു. ചിന്താവിഷ്ടയായ സീതയെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശാൻെറ കവിതകളിലൊക്കെ ഗുരുവിൻെറ പരോക്ഷ സാന്നിധ്യമുണ്ടെന്നും ശ്രീനാരായണ ഗുരുവും ശിഷ്യനായ കുമാരനാശാനും തമ്മിൽ ദൈവികമെന്ന് പറയാവുന്ന ഒരു ആത്മബന്ധം തന്നെയുണ്ടായിരുന്നുവെന്നും ഗുരുസാഗരം മാസിക പത്രാധിപർ സജീവ് കൃഷ്ണൻ പറഞ്ഞു. ശ്രീനാരായണ ഗുരുവും കുമാരനാശാനും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 55 വർഷം ശാന്തി പ്രവർത്തനം നടത്തിയ സി. വാസുവിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എം. പ്രശാന്തൻ, വാർഡംഗം കെ. പ്രീജ, സെക്രട്ടറി ടി. രാഘവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story