Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസരസ് മേളയില്‍...

സരസ് മേളയില്‍ മധുരഗീതങ്ങളുമായി ജില്ല കലക്ടര്‍

text_fields
bookmark_border
ധര്‍മശാല: ദേശീയ സരസ് മേളയില്‍ സന്ദര്‍ശകര്‍ക്ക് ഗസലിൻെറ വിരുന്നൊരുക്കി കണ്ണൂര്‍ കലക്ടര്‍ ടി.വി. സുഭാഷ്. നിറഞ്ഞുകവിഞ്ഞ സദസ്സിന് മുന്നില്‍ അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ 'മേരെ കഹാനി' ആലപിച്ചാണ് ജില്ല കലക്ടര്‍ ഗസലിൻെറ മാസ്മരിക ലോകത്തേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോയത്. അനുവാചകരുടെ ഗതകാല ഓര്‍മകള്‍ ഉണര്‍ത്തി വയലാറിൻെറ 'കായലിനക്കരെ' കവിത മധുരമൂറുന്ന ഗസലായി പെയ്തിറങ്ങി. എം.എ മ്യൂസിക് വിദ്യാർഥി ഷിന്‍സിയും കലക്ടറുടെ കൂടെ കൂടിയപ്പോള്‍ സദസ്സ് സംഗീതസാന്ദ്രമായി. ബാബുരാജിൻെറ താനേ തിരിഞ്ഞും മറിഞ്ഞും എന്ന ഗാനവും പ്രാണസഖിയും ആസ്വാദകരുടെ മനംകീഴടക്കി. പ്രണയവും വിരഹവും ഭക്തിയും ഇടകലര്‍ന്ന ഗാനങ്ങള്‍ മേളയിലെത്തിയവര്‍ക്ക് മധുരമുള്ള ഓര്‍മകളാണ് സമ്മാനിച്ചത്. സംഗീതവിരുന്നുകളിലെ സ്ഥിരസാന്നിധ്യം രോഷന്‍ ഹാരിസ് ഹാര്‍മോണിയം വായിച്ചപ്പോള്‍ വിജേഷ് തബലയിലും ശരണ്‍ കീ ബോര്‍ഡിലും പിന്തുണ നല്‍കി. ദേശീയ സരസ് മേള മൂന്നാം ദിനത്തില്‍ സാംസ്‌കാരിക സദസ്സ് തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സൻ പി.കെ. ശ്യാമള അധ്യക്ഷത വഹിച്ചു. ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രഫ.മുഹമ്മദ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല കലക്ടര്‍ ടി.വി. സുഭാഷ് മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് സ്വാഗതവും ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍ ടി. സുനിത നന്ദിയും പറഞ്ഞു. കലക്ടറുടെ നേതൃത്വത്തിലുള്ള ഗസല്‍ സന്ധ്യക്ക് ശേഷം ജയകേരള കളരിസംഘത്തിൻെറ നേതൃത്വത്തില്‍ കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story