വനത്തിലെ മൃതദേഹം: ശശിയുടെ ചുഴലിയിലെ താമസസ്ഥലത്ത് പരിശോധന

05:02 AM
09/11/2019
നിരവധി സാധനങ്ങൾ കണ്ടെടുത്തു ശ്രീകണ്ഠപുരം: കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപം വനത്തില്‍ മൃതദേഹം കാണപ്പെട്ടതുമായി ബന്ധപ്പെട്ട് ചുഴലിയിലെ വാടക വീട്ടില്‍ പൊലീസ് പരിശോധന നടത്തി. മലപ്പട്ടം അഡൂര്‍ സ്വദേശിയും ചുഴലിയില്‍ താമസക്കാരനുമായ ആശാരിപ്പണിക്കാരന്‍ കിഴക്കെപുരയില്‍ ശശി എന്ന കുഞ്ഞിരാമന്‍ (45) ചുഴലി ടൗണില്‍ വാടകക്ക് താമസിച്ച മുറിയിലാണ് പയ്യാവൂര്‍ എസ്.ഐ പി.സി. രമേശൻെറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മുറിയില്‍ നിന്ന് സാരി ഉള്‍പ്പെടെ സ്ത്രീകള്‍ ഉപയോഗിക്കുന്ന വിവിധ വസ്ത്രങ്ങള്‍, വിവിധ നിറങ്ങളിലുള്ള മാര്‍ക്കര്‍ പേനകള്‍ തുടങ്ങിയവ കണ്ടെടുത്തു. 2017ല്‍ ശശി കണ്ണൂര്‍ എ.കെ.ജി, കൊയിലി ആശുപത്രികളില്‍ ചികിത്സ നടത്തിയതിൻെറ രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞയാഴ്ചയാണ് വനത്തില്‍ മൃതദേഹം കാണപ്പെട്ടത്. മൂന്ന് മാസത്തെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്. മൃതദേഹം ശശിയുടേതാണെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. മരിച്ചത് ശശിയാണെന്ന് സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അയാള്‍ താമസിച്ചിരുന്ന വാടക മുറി പരിശോധിച്ചത്. രാത്രികാലങ്ങളില്‍ സ്ത്രീവേഷം കെട്ടിനടക്കുന്ന സ്വഭാവക്കാരനാണ് ശശി. വനത്തില്‍ കാണപ്പെട്ട മൃതദേഹവും സ്ത്രീവേഷധാരിയുടേതായിരുന്നു. എന്നാല്‍, മൃതദേഹം അഴുകിയതുകൊണ്ട് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹത്തിനു സമീപംെവച്ച് കിട്ടിയ മൊബൈൽ ഫോണിലെ മെമ്മറി കാർഡിലെ ഫോട്ടോയും ശശിയുടേതായിരുന്നു. എങ്കിലും ശാസ്ത്രീയ തെളിവിനായി ഡി.എൻ.എ പരിശോധനയും പൊലീസ് നടത്തുന്നുണ്ട്. ഇതിനായി ശശിയുടെ സഹോദരങ്ങളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ചന്ദനക്കാംപാറയില്‍ യുവാവിന് കാട്ടുപന്നിയുടെ കുത്തേറ്റു ശ്രീകണ്ഠപുരം: കുടിവെള്ള പൈപ്പ് തുറക്കാന്‍ പോയ യുവാവിന് കാട്ടുപന്നിയുടെ കുത്തേറ്റു. ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ ഐപ്പന്‍ ഹൗസില്‍ അജേഷിനാണ് (37) ഗുരുതരമായി പരിക്കേറ്റത്. വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് തുറക്കാന്‍ വെള്ളിയാഴ്ച പുലര്‍ച്ച പോയതായിരുന്നു അജേഷ്. ഇതിനിടെ ഓടിയെത്തി കാട്ടുപന്നി അജേഷിനെ കുത്തുകയായിരുന്നു. തുടയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അജേഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Loading...