Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2019 11:33 PM GMT Updated On
date_range 20 Oct 2019 11:33 PM GMTകണ്ണൂര്‍ വിമാനത്താവളം: തോടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും
text_fieldsകണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവള പ്രദേശങ്ങളില്‍നിന്നുള്ള വെള്ളം ഒഴുകിപ്പോവുന്നതിനായി നിര്‍മിക്കുന്ന തോട ുകളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ഇ.പി. ജയരാജൻെറ നേതൃത്വത്തില്‍ വിമാനത്താവളത്തിൽ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നേരത്തേ രണ്ട് വലിയ തോടുകളും 16 ചെറിയ തോടുകളുമാണ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതില്‍ 15 ചെറുതോടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ള തോടുകളുടെ നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇതിനുപുറമെ അധികമായി നിർദേശിക്കപ്പെട്ട നാല് ചെറിയ തോടുകളില്‍ രണ്ടെണ്ണത്തിനുള്ള ഭരണാനുമതി സര്‍ക്കാറില്‍നിന്ന് ലഭിച്ചുകഴിഞ്ഞു. നിലവില്‍ തോടുകള്‍ക്ക് സ്ലാബ് ആവശ്യമായ സ്ഥലങ്ങളില്‍ അവ സ്ഥാപിക്കുന്നതിനുള്‍പ്പെടെ അധികമായി വരുന്ന പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് ഒരാഴ്ചക്കകം തയാറാക്കി സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് മന്ത്രി നിർദേശം നല്‍കി. തോട് നിര്‍മാണവേളയിലെടുത്ത മണ്ണ് കൃഷിഭൂമിയില്‍നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. ചെറിയ തോടുകളില്‍നിന്നുള്ള വെള്ളം പുഴയിലേക്ക് ഒഴുകിപ്പോവേണ്ട രണ്ട് വലിയ തോടുകളുടെ നിര്‍മാണം നടക്കാത്തത് പരിസരങ്ങളിലെ വീടുകളിലും കൃഷി ഭൂമിയിലും വെള്ളം കയറാന്‍ കാരണമാകുന്നതായി മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം. രാജന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ ഉടന്‍ നീക്കി കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള വഴിയൊരുക്കാനും ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിർദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നേരത്തേ ചേര്‍ന്ന തീരുമാനത്തിൻെറ അടിസ്ഥാനത്തില്‍ തോടുകളുടെ നിര്‍മാണത്തിനാവശ്യമായ 49 കോടി രൂപ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നേരത്തേ തന്നെ കൈമാറിയതാണെന്ന് കിയാല്‍ എം.ഡി വി. തുളസീദാസ് പറഞ്ഞു. അധികമായി വന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് 4.5 കോടി രൂപ കൂടി ആവശ്യമായി വരുമെന്ന് ഇറിഗേഷന്‍ വകുപ്പ് ചീഫ് എൻജിനീയര്‍ അറിയിച്ചു. വിമാനത്താവള റണ്‍വേ വികസനത്തിനാവശ്യമായ അധികഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി നിർദേശം നല്‍കി. യോഗത്തില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, ഇറിഗേഷന്‍ വകുപ്പ് ചീഫ് എൻജിനീയര്‍ കെ.എച്ച്. ശംസുദ്ദീന്‍, കിയാല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി. ജോസ്, ഡെപ്യൂട്ടി കലക്ടര്‍ (എൽ.എ) അനില്‍കുമാര്‍, കിയാല്‍ മാനേജര്‍ ടി. അജയകുമാര്‍, ഇറിഗേഷന്‍ വകുപ്പ് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി. സുരേഷ് ബാബു, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story