Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2019 11:32 PM GMT Updated On
date_range 15 Sep 2019 11:32 PM GMTകർണാടക: 17 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികൾക്കായി ചർച്ച സജീവം
text_fieldsഉപതെരഞ്ഞെടുപ്പിൽ ഒറ്റക്കു മത്സരിക്കാൻ തയാറെടുത്ത് കോൺഗ്രസ് ബംഗളൂരു: സഖ്യസർക്കാറിൻെറ വീഴ്ചക്കു പിന്നാലെ ക ർണാടകയിൽ വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഒറ്റക്കു മത്സരിക്കാൻ തയാറെടുത്ത് കോൺഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും സഖ്യസർക്കാറിൻെറ വീഴ്ചയും കോൺഗ്രസിലെയും ജെ.ഡി.എസിലെയും ഭിന്നത രൂക്ഷമാക്കിയതിനു പിറകെയാണ് പുതിയ നീക്കം. സഖ്യം തുടരുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലായിരിക്കെയാണ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കു മത്സരിക്കാനുള്ള സാധ്യത കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു പങ്കുവെച്ചത്. സഖ്യം തുടരുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈകമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നതെങ്കിലും വഴിപിരിയുന്നതിൻെറ വ്യക്തമായ പ്രതികരണങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞു. അതിനിടെ, ബി.ജെ.പിയെ തറപറ്റിക്കാൻ ചില നിയമസഭ മണ്ഡലങ്ങളിൽ േകാൺഗ്രസും ജെ.ഡി.എസും തമ്മിൽ സൗഹൃദമത്സരം ഉൾപ്പെടെ നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഒറ്റക്കു മത്സരിച്ചാലും ഇരു പാർട്ടികൾക്കും ജയസാധ്യതയുള്ള മണ്ഡലങ്ങളിലായിരിക്കും ഈ സഹകരണം. എന്നാൽ, ഇക്കാര്യത്തിലൊന്നും ഇതുവരെ ഹൈകമാൻഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. 17ൽ 10 സീറ്റെങ്കിലും പിടിച്ചടക്കാൻ ബി.ജെ.പിക്കായില്ലെങ്കിൽ യെദിയൂരപ്പ സർക്കാറിന് അധികം ആയുസ്സുണ്ടാകില്ല. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടും തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനെ സംബന്ധിച്ചും കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു, നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ എന്നിവർ ചർച്ച നടത്തിയിരുന്നു. എന്നാൽ, ജെ.ഡി.എസുമായുള്ള സഖ്യസാധ്യത ചർച്ചയിൽ തെളിഞ്ഞുവന്നില്ല. ഒറ്റക്കു മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനമെന്നാണ് ഗുണ്ടുറാവു യോഗത്തിനുശേഷം പ്രതികരിച്ചത്. 17 മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാർഥികളെ നിർത്താനുള്ള ചർച്ചയും കോൺഗ്രസിൽ സജീവമാണ്. കെ.ആർ പേട്ട്, ചിക്കബെല്ലാപുർ, ഹൊസകോട്ട, റാണെബെന്നൂർ എന്നീ നിയമസഭ മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. സഖ്യം തുടരുന്നതിനെ എതിർക്കില്ലെന്നും ഇക്കാര്യത്തിൽ സോണിയ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തി തീരുമാനമെടുക്കുമെന്നുമാണ് കഴിഞ്ഞദിവസം ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രതികരിച്ചത്. സോണിയ ഗാന്ധിയുടെ തീരുമാനമനുസരിച്ചായിരിക്കും സഖ്യം തുടരണോ എന്ന് തീരുമാനിക്കുകയെന്നും ജെ.ഡി.എസിന് 17 മണ്ഡലങ്ങളിലും മത്സരിക്കാൻ സമ്മർദമില്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. സംസ്ഥാന നേതാക്കളുടെ അഭിപ്രായത്തെ തള്ളിക്കളഞ്ഞുകൊണ്ട് സഖ്യം തുടരാൻ ഹൈകമാൻഡ് തീരുമാനിച്ചാൽ അത് വീണ്ടും തിരിച്ചടിയായി മാറും.
Next Story