Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2019 11:33 PM GMT Updated On
date_range 14 Sep 2019 11:33 PM GMTപുഴയോര നടപ്പാത സംരക്ഷിക്കണം; നിരവധി വീട്ടുകാർ അപകടാവസ്ഥയിൽ
text_fieldsപാനൂർ: തൃപ്രങ്ങോട്ടൂർ ചാക്യാർകുന്ന് പുഴയോരത്തെ നടപ്പാത സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രളയകാലത്ത് മലവെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് ഒരു നൂറ്റാണ്ട് മുമ്പ് നിർമിച്ച നടപ്പാത അപകടാവസ്ഥയിലായിരിക്കയാണ്. നടപ്പാത തകർന്നാൽ പുഴ ഗതിമാറി ഒഴുകുകയും നിരവധി വീട്ടുകാർക്ക് അപകടം സംഭവിക്കുകയും ചെയ്യും. കാർഷിക ആവശ്യങ്ങൾ മുന്നിൽകണ്ട് പ്രദേശത്തെ പഴയകാല കർഷക കുടുംബമായ കോമത്ത് കുറുപ്പന്മാരാണ് ഒരു നൂറ്റാണ്ട് മുമ്പ് ചാക്യാർകുന്ന് പുഴയോരത്ത് നടപ്പാത നിർമിച്ചത്. അന്നത്തെ കാലത്ത് ഭീമമായ തുക ചെലവഴിച്ചായിരുന്നു നിർമാണം. ഇക്കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് നടപ്പാത അത്യന്തം അപകടാവസ്ഥയിലായിരിക്കയാണ്. പലഭാഗത്തും അരികുഭിത്തി തകർന്ന നിലയിലാണ്. പൂർണമായും തകരുന്നതിനു മുമ്പ് സംരക്ഷിച്ചില്ലെങ്കിൽ വൻ ദുരന്തമാകും സംഭവിക്കുക. പുഴ ഗതിമാറി ഒഴുകിയാൽ പത്ത് വീടുകൾ പൂർണമായും നൂറുകണക്കിന് വീടുകൾ ഭാഗികമായും നശിക്കും. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അഭ്യർഥനയെ തുടർന്ന് മന്ത്രി കെ.കെ. ശൈലജ നടപ്പാത സന്ദർശിച്ചു. പാത സംരക്ഷിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. നടപ്പാത സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് വാർഡ് മെംബർ പുല്ലാട്ടുമ്മൽ അഹമ്മദ് ഹാജി മന്ത്രിക്ക് നിവേദനം നൽകി. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെക്കയിൽ സക്കീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സമീർ പറമ്പത്ത്, എ.പി. ഇസ്മയിൽ, നല്ലൂർ ഇസ്മയിൽ, നസീമ ചാമാളയിൽ, വി.പി. നാണു മാസ്റ്റർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Next Story