Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരിയിൽ ലോറികൾ...

തലശ്ശേരിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്

text_fields
bookmark_border
ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു തലശ്ശേരി: ദേശീയപാതയിൽ പാലിശ്ശേരി സിവ്യൂ പാർക്കിന് സമീപം ചരക്കു ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു. കാബിനുകൾക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർമാരെ തലശ്ശേരി അഗ്നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. കണ്ണൂരിലേക്ക് ടൈൽസുമായി പോവുകയായിരുന്ന ശ്രീ മഹാദേവ് കമ്പനിയുടെ കണ്ടെയ്നറും തേങ്ങയുമായി കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മഹീന്ദ്ര ലോറിയുമാണ് വെള്ളിയാഴ്ച രാവിലെ കൂട്ടിയിടിച്ചത്. കണ്ടെയ്നർ ലോറി ഡ്രൈവർ തൃശൂർ സ്വദേശി കുന്നത്ത് വീട്ടിൽ പ്രദീഷ് (31) തലശ്ശേരി സഹകരണ ആശുപത്രിയിലും മഹീന്ദ്ര ലോറി ഡ്രൈവർ ചിറ്റാരിപറമ്പ് ചൂണ്ടയിലെ ആകാശ് ഭവനിൽ പ്രസാദ് (40) ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. കൂട്ടിയിടിയുടെ ആഘാതത്തിൽ റോഡിൽനിന്ന് തെന്നിയ ലോറികൾ തൊട്ടപ്പുറം കോരച്ചാംകണ്ടി കുന്നി‍ൻെറ സംരക്ഷണഭിത്തിക്കടുത്ത് ചളിയിലമർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ വൺവേ അടിസ്ഥാനത്തിലാണ് നിയന്ത്രിച്ചത്. തലശ്ശേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ എം.എസ്. ശശിധര‍ൻെറ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ അപകടസ്ഥലത്തെത്തുേമ്പാൾ തകർന്ന കാബിനകത്ത് സ്റ്റിയറിങ്ങിനും ഡാഷ് ബോർഡിനുമിടയിൽ ഇരുകാലുകളും കുടുങ്ങി പ്രാണവേദനയിൽ പിടയുകയായിരുന്നു ഡ്രൈവർമാർ. ഹൈഡ്രോളിക് കട്ടറും സ്പഡറും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. സി.വി. ദിനേശൻ, ജോയ്, ബൈജു, പ്രവീൺ, രാഹുൽ രഘുനാഥ്, എൻ. രാഹുൽ, മുരളീധരൻ, മോഹനൻ, സന്തോഷ്, രാഹുൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ട്രാഫിക് പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ക്രെയിനെത്തിച്ച് ലോറികൾ വലിച്ചുമാറ്റിയാണ് ദേശീയപാതയിലെ തടസ്സം നീക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story