Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2019 11:32 PM GMT Updated On
date_range 26 Aug 2019 11:32 PM GMTപ്രളയത്തിലകപ്പെട്ടവരുടെ രക്ഷകൻ ദുരിതക്കയത്തിൽ
text_fieldsശ്രീകണ്ഠപുരം: ആർത്തിരമ്പിയ പ്രളയത്തിൽനിന്നും എല്ലാം മറന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച് കടത്തുതോണിയിൽ ആളെ ക രയിലെത്തിച്ച് സുരക്ഷിതമാക്കിയപ്പോൾ രക്ഷകൻ വീണത് ദുരിതക്കയത്തിലേക്ക്. ചെങ്ങളായി പഞ്ചായത്തിലെ തേർലായി ദ്വീപിൽ മികച്ച രക്ഷാപ്രവർത്തനം നടത്തിയ സി. റംഷാദ്(34) ആണ് തലക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ എട്ടിന് രാത്രി പ്രളയ രക്ഷാപ്രവർത്തനത്തിനിടയിലാണ് കാൽ തെന്നി വീണ് റംഷാദിന് പരിക്കേറ്റത്. രാത്രിയോടെ തേർലായി ദ്വീപിനെ പുഴ കൈയടക്കിയപ്പോൾ സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെയുള്ളവർ നിലവിളിക്കുകയായിരുന്നു. റംഷാദിൻെറ നേതൃത്വത്തിൽ യുവാക്കളും സന്നദ്ധ പ്രവർത്തകരും രംഗത്തിറങ്ങിയാണ് ആളുകളെ തോണിയിൽ കരയിലെത്തിച്ച് പിന്നീട് ക്യാമ്പിലേക്ക് മാറ്റിയത്. തോണിയിൽ നിന്നും ഇറക്കിയവരെ ചളിക്കുഴിയിലും കല്ലിലും വീഴാതെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനിടെ റംഷാദ് കാൽ തെന്നി വീഴുകയായിരുന്നു. തലക്കും നട്ടെല്ലിനും സാരമായ പരിക്ക്. കൂടെയുള്ളവർ ആദ്യം തളിപ്പറമ്പ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയിൽ കഴിയുന്ന റംഷാദിന് ഇതിനോടകം തന്നെ സാമ്പത്തിക ബാധ്യതയേറെയായി. തുടർചികിത്സയും നടത്തണം. രക്ഷകൻ ദുരിതക്കിടക്കയിലാണെന്ന കാര്യം പലരും അറിഞ്ഞിട്ടുമില്ല. കിടക്കപ്പായ വിട്ട് പഴയ ജീവിതത്തിലേക്ക് തിരികെയെത്താനാവണമേയെന്ന പ്രാർഥനയിലാണ് കുടുംബം.
Next Story