Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:02 AM IST Updated On
date_range 6 Aug 2019 5:02 AM ISTനവോദയ കുന്നിലെ ഭൂമി ഏറ്റെടുക്കൽ; പ്രതിഷേധത്തിൽ സർവേ മുടങ്ങി
text_fieldsbookmark_border
പാനൂർ: ചെണ്ടയാട്, മൊകേരി, ചെറുവാഞ്ചേരി ഭാഗങ്ങൾ ഉൾപ്പെടെ നവോദയ കുന്നിലെ 506 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിൻെറ ഭാഗമാ യി നടക്കുന്ന സാമൂഹികാഘാത പഠന സർവേ നാട്ടുകാരുടെയും ഭൂവുടമകളുടെയും പ്രതിഷേധത്തെ തുടർന്ന് മുടങ്ങി. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയ കളമശ്ശേരി രാജഗിരി കോളജ് സോഷ്യൽ സയൻസ് വിഭാഗം നടത്തുന്ന പഠനത്തിൻെറ ഭാഗമായി ചെണ്ടയാട് അബ്ദുറഹ്മാൻ യു.പി സ്കൂളിൽ നടന്ന വിവരശേഖരണമാണ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തുടക്കത്തിൽ തന്നെ അലങ്കോലമായത്. നവോദയ സ്കൂളും എം.ജി കോളജും ശാന്തിഗിരി ആശ്രമവും പടിഞ്ഞാറ് വശത്തും കസ്തൂരിരംഗൻ റിപ്പോർട്ടിൽപെട്ട സംരക്ഷിത പ്രദേശം കിഴക്ക് വശത്തും അയ്യായിരത്തോളം ആളുകൾ അധിവസിക്കുന്ന ജനവാസ കേന്ദ്രം ചുറ്റിലുമുള്ളപ്പോൾ വ്യവസായ പാർക്ക് നവോദയ കുന്നിൽ അഭികാമ്യമല്ലയെന്നതും സർക്കാർ പുറത്തിറക്കിയ ഓർഡറിലെ സർവേ നമ്പറുകളിൽപെട്ട ഭൂമിയിൽ ഇരുന്നൂറിലധികം വീടുകൾ ഉൾപ്പെട്ടതും നാട്ടുകാരുടെ പ്രതിഷേധം ഉയരാൻ കാരണമായി. ഇരുന്നൂറോളം ഭൂവുടമകളും നാട്ടുകാരും പ്രത്യേകം യോഗം ചേർന്ന് സർവേ നടപടികളിൽ അമർഷം രേഖപ്പെടുത്തി. വ്യവസായ പാർക്ക് വന്നാൽ കുടിവെള്ളവും വായുവും ഭൂമിയുമെല്ലാം മലിനമാകുമെന്നും നേരത്തെ സർക്കാർ വ്യവസായികൾക്കായി ഏറ്റെടുത്ത വലിയ വെളിച്ചത്ത് നൂറുകണക്കിനേക്കർ ഭൂമി തരിശായി കിടക്കുമ്പോൾ പുതുതായി നവോദയ കുന്നിൽ എന്തിനാണ് 500 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതെന്നും അവർ ചോദിക്കുന്നു. എന്നാൽ, വിദ്യാഭ്യാസ, കാർഷിക ആവശ്യങ്ങൾക്ക് ജനവാസകേന്ദ്രങ്ങളിലെ ഭൂമി ഒഴികെ നവോദയ കുന്ന് ഏറ്റെടുക്കുന്നതിൽ പ്രശ്നമില്ലെന്നും യോഗം വിലയിരുത്തി. യോഗത്തിന് വി. അനിൽകുമാർ, ഇളയാടത്താൻ കുഞ്ഞിരാമൻ, കിഴക്കയിൽ രവീന്ദ്രൻ, പി.പി. കുഞ്ഞിക്കണ്ണൻ, രജീഷ് കുറിച്ചിയിൽ, പ്രകാശൻ ചമ്പളോൻ, സുബിൻ പാറയുള്ളപറമ്പ്, എ. രവീന്ദ്രൻ, ഷാജി പഞ്ചാരേൻറവിട, കെ.പി. സഞ്ജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധം ശക്തിപ്പെടുത്താൻ ഭൂവുടമകളുടെയും നാട്ടുകാരുടെയും യോഗം ആഗസ്റ്റ് 11ന് വൈകീട്ട് മൂന്നിന് അബ്ദുറഹ്മാൻ യു.പി സ്കൂളിൽ ചേരുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story