Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാവും പകലുമറിയാതെ...

രാവും പകലുമറിയാതെ തെരുവുവിളക്കുകൾ

text_fields
bookmark_border
കണ്ണൂർ സിറ്റി: നഗരത്തിൽ പകൽസമയങ്ങളിൽപോലും അണയാതെ തെരുവുവിളക്കുകൾ. കണ്ണൂർ സിറ്റിയിലും പരിസരപ്രദേശങ്ങളിലുമാണ് പട്ടാപ്പകലും തെരുവുവിളക്കുകൾ പ്രകാശിപ്പിച്ച് കെ.എസ്.ഇ.ബിയുടെ അനാസ്ഥ. കോർപറേഷൻ പരിധിയിൽ വരുന്ന തായത്തെരു-സിറ്റി റോഡ്, നാലുവയൽ റോഡ്, സിറ്റി-താണ, സിറ്റി-ഉരുവച്ചാൽ, സിറ്റി-ജില്ല ആശുപത്രി റോഡ്, തയ്യിൽ-കുറുവ ഭാഗങ്ങളിലായാണ് മിക്ക ദിവസങ്ങളിലും പകൽ വെളിച്ചത്തും തെരുവ് വിളക്കുകൾ മിഴിതുറന്നിരിക്കുന്നത്. വൈദ്യുതി ഉപഭോഗം ഏറെ ആവശ്യമുള്ള പഴയകാല വിളക്കുകളാണ് ഈ ഭാഗത്തുള്ളത്. വലിയ തോതിലുള്ള വൈദ്യുതിനഷ്ടവും അതുവഴി സാമ്പത്തികനഷ്ടവുമാണ് കെ.എസ്.ഇ.ബിയുടെ പിടിപ്പുകേട് മൂലം സംഭവിക്കുന്നത്. പലയിടത്തും രാത്രി പോലും തെരുവ് വിളക്കുകൾ കത്താത്തപ്പോഴാണ് ഈ തെരുവ് വിളക്കുകൾ പകലും അണയാതിരിക്കുന്നത്. സിറ്റിക്ക് പുറമെ നഗരത്തിൽ മറ്റിടങ്ങളിലും ഇതാണവസ്ഥ. നിരക്ക് വർധിപ്പിക്കുക കൂടി ചെയ്തതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധ്യത ഇരട്ടിക്കും. നിശ്ചിതസമയത്തിൽ അണയുകയും കത്തുകയും ചെയ്യുന്ന തരത്തിൽ ടൈമർ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും തകരാറ് പരിഹരിക്കുന്ന തരത്തിൽ ഇടപെടലുണ്ടാകുന്നില്ലെന്നാണ് ആേക്ഷപം. ഡൽഹി കേന്ദ്രമായുള്ള ഒരു കമ്പനിക്കാണ് മൂന്നുവർഷം മുമ്പ് ടൈമർ പ്രവർത്തിപ്പിക്കാനുള്ള കരാർ നൽകിയത്. മാസങ്ങളോളം നന്നായി പ്രവർത്തിച്ചുവെങ്കിലും പിന്നീട് അവരും കൈയൊഴിഞ്ഞു. സാങ്കേതികത്തകരാറും കാറ്റ്, മഴ എന്നിവയാലും സമയമാറ്റം സംഭവിക്കാം. പകൽസമയങ്ങളിൽ പ്രകാശിക്കുകയും രാത്രി വൈകുമ്പോൾ അണയുകയും ചെയ്യുന്ന ഇപ്പോഴത്തെ പ്രതിഭാസത്തിന് അറ്റകുറ്റപ്പണി നടത്തിയാൽ പരിഹാരം കാണാം. ടൈമർ പ്രവർത്തിക്കാത്ത പലസ്ഥലങ്ങളിലും നാട്ടുകാരും കച്ചവടക്കാരുമാണ് ഇത് കൈകാര്യംചെയ്യുന്നത്. ഒരു സുരക്ഷ മുൻകരുതലുമില്ലാതെ ചെയ്യുന്നത് മഴക്കാലത്ത് അപകടത്തെ വിളിച്ചുവരുത്തുക കൂടിയാണ്. മിക്ക ദിവസങ്ങളിലും വൈദ്യുതി ഓഫിസിൽ വിളിച്ചാണ് വിളക്കുകൾ അണക്കുന്നതെന്ന് നാലുവയൽ സ്വദേശിയായ ഒരു യുവാവ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story