Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാലവര്‍ഷം:...

കാലവര്‍ഷം: അപകടാവസ്ഥയിലായ മരങ്ങള്‍ മുറിക്കാനും ബോര്‍ഡുകള്‍ നീക്കാനും നിര്‍ദേശം

text_fields
bookmark_border
ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം കണ്ണൂർ: ശക്തമായ കാറ്റിലും മഴയിലും കടപുഴകാനോ പൊട്ടിവീഴാനോ സാധ്യതയുള്ള പൊതു-സ്വകാര്യ സ്ഥലങ്ങളിലെ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാനും ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവ നീക്കാനും ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്‍കി. സര്‍ക്കാര്‍ഭൂമിയിലെ അപകടാവസ്ഥയിലായ മരങ്ങളും മറ്റും കണ്ടെത്തി നീക്കംചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയാണ്. സ്വകാര്യഭൂമിയിലുള്ള മരങ്ങളും മറ്റും ഭൂമിയുടെ ഉടമയാണ് മുറിച്ചുമാറ്റേണ്ടത്. അല്ലാത്തപക്ഷം ഇതുമൂലമുണ്ടാവുന്ന അപകടത്തിന് അവര്‍ ഉത്തരവാദികളാവുമെന്നും നഷ്ടപരിഹാരം നല്‍കാന്‍ ഉള്‍പ്പെടെ അവര്‍ക്ക് ബാധ്യതയുണ്ടായിരിക്കുമെന്നും അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ അറിയിച്ചു. ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മരങ്ങളും മരച്ചില്ലകളും അപകടകരമാണോ എന്ന് തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫിസര്‍, വനം റേഞ്ച് ഓഫിസര്‍ എന്നിവര്‍ അടങ്ങുന്ന പ്രാദേശിക സമിതികളാണ് തീരുമാനിക്കുക. മുറിച്ചുമാറ്റാന്‍ കലക്ടറാണ് അനുമതി നല്‍കുക. അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ വനംവകുപ്പിന് കീഴിലുള്ള പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ മരം മുറിക്കാന്‍ പാടുള്ളൂ. ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച പരസ്യ ഹോര്‍ഡിങ്ങുകളുടെ ബലം പരിശോധിച്ച് കാറ്റില്‍ മറിഞ്ഞുവീഴില്ലെന്ന് ഉറപ്പുവരുത്താനും ബലമില്ലാത്തവ മാറ്റാനും ബന്ധപ്പെട്ട പരസ്യസ്ഥാപനങ്ങള്‍ക്കും യോഗം നിർദേശം നല്‍കി. റോഡരികുകളിലെ അപകടാവസ്ഥയിലുള്ള കമാനങ്ങള്‍, ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവയും ബന്ധപ്പെട്ടവര്‍ അടിയന്തരമായി നീക്കണം. ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിർദേശിച്ചു. ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജലസേചന വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. കടല്‍ക്ഷോഭത്തില്‍ കടല്‍ഭിത്തികള്‍ തകരാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കണം. കനാലുകള്‍, നീര്‍ച്ചാലുകള്‍, പുഴകള്‍ എന്നിവ തടസ്സരഹിതമാണെന്ന് ഉറപ്പാക്കണം. പാറമടകളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായി ഇവിടങ്ങളിലെ കുളങ്ങള്‍ക്കു ചുറ്റും ഉറപ്പും ഉയരവുമുള്ള കമ്പിവേലിയോ മതിലോ മറ്റോ സ്ഥാപിക്കണമെന്ന് പാറമട ഉടമകള്‍ക്ക് യോഗം നിർദേശം നല്‍കി. പ്രവര്‍ത്തനം നിലച്ച പാറമടകളിലും ഇത് ഏര്‍പ്പെടുത്തണം. എല്ലാ ആശുപത്രികളിലെയും സുരക്ഷാസംവിധാനങ്ങള്‍ കാര്യക്ഷമമാണെന്ന് അഗ്‌നി സുരക്ഷ വകുപ്പിൻെറ സഹായത്തോടെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അടിയന്തര ഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തണം. റോഡരികുകളിലും കടത്തിണ്ണകളിലും ബസ്സ്റ്റാൻഡുകളിലും മറ്റും അന്തിയുറങ്ങുന്ന ആളുകള്‍ക്ക് മഴക്കാലത്ത് രാത്രിതാമസത്തിനും ഭക്ഷണത്തിനുമുള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങള്‍ സാമൂഹികനീതി വകുപ്പുമായി സഹകരിച്ച് ഒരുക്കണം. ദുരന്തവേളകളില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിന് തങ്ങളുടെ പ്രദേശങ്ങളിലുള്ള അംഗപരിമിതരുടെ പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തഹസില്‍ദാര്‍മാര്‍ക്ക് കൈമാറണമെന്നും കലക്ടര്‍ അറിയിച്ചു. സാമൂഹികനീതി വകുപ്പിൻെറ നേതൃത്വത്തില്‍ വാട്സ്ആപ് വഴി ഇവര്‍ക്ക് അടിയന്തര സന്ദേശങ്ങള്‍ കൈമാറാന്‍ സംവിധാനം ഒരുക്കണം. ദുരന്ത പ്രദേശങ്ങളില്‍ സന്ദര്‍ശനാര്‍ഥവും സെല്‍ഫി എടുക്കാനും മറ്റും ആളുകള്‍ പോകുന്നത് ഒഴിവാക്കണം. മഴക്കെടുതികളെയും പകര്‍ച്ച വ്യാധികളെയും നേരിടുന്നതിന് എല്ലാ വകുപ്പുകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ വകുപ്പും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും കലക്ടര്‍ നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story