ഒന്നരക്കോടിയുടെ തട്ടിപ്പ്;മുഖ്യ പ്രതി കോടതിയിൽ കീഴടങ്ങി

06:38 AM
12/09/2018
പയ്യന്നൂർ: ടൂർ പാക്കേജിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. ചെറുപുഴ സ്വദേശി അരയല തുരുത്തി അലവേലിൽ ഷമീർ മുഹമ്മദ് (32) ആണ് ഉച്ചയോടെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഷമീർ മുഹമ്മദിന്റെ സഹോദരൻ ഷമീം മുഹമ്മദ് (28) കേസിലെ രണ്ടാം പ്രതിയാണ്. ഇയാളെ കഴിഞ്ഞയാഴ്ച ചെറുപുഴ എസ്.ഐ എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിൽ കഴിയുന്ന ഈ പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിന് ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കുന്നതിനിടയിലാണ് ഒന്നാം പ്രതിയായ ഷമീർ മുഹമ്മദ് നാടകീയമായി കോടതിയിൽ കീഴടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇവരുടെ തട്ടിപ്പ് അരങ്ങേറിയത്. ടൂർ പാക്കേജിൽ ഉൾപ്പെടുത്തി വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്ത് ഖത്തർ മലായാളികളെയാണ് ഏറെയും തട്ടിപ്പിനിരയാക്കിയത്. തട്ടിപ്പിനിരയായവരിൽ ഒരാൾ ചെറുപുഴ പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതികൾ കുടുങ്ങിയത്.
Loading...
COMMENTS