Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 10:47 AM IST Updated On
date_range 2 Sept 2018 10:47 AM ISTപ്രളയം: കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രി ചീഫ് കമാൻഡറായി നയിച്ച ദൗത്യം -മന്ത്രി ഇ.പി. ജയരാജൻ
text_fieldsbookmark_border
കണ്ണൂർ: മഹാദുരന്തത്തിനു മുന്നിൽ പകച്ചുപോയ കേരളത്തെ രക്ഷിച്ചത് എല്ലാ സംവിധാനങ്ങളെയും ജനങ്ങളെയും ഒന്നിച്ചുനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് കമാൻഡറായി മുന്നിൽനിന്ന് നയിച്ച പ്രവർത്തനങ്ങളാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫിസ് കൺേട്രാൾ റൂമായി മാറി ഓരോ മിനിറ്റിലുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി ചെയ്യാൻ കഴിയുന്ന മുഴുവൻ കാര്യങ്ങളും യഥാസമയം ചെയ്യാൻ കഴിഞ്ഞതിനാലാണ് ജീവഹാനി പരമാവധി കുറക്കാനായത്. അല്ലെങ്കിൽ പ്രളയം ഇതിലും എത്രയോ വലിയ ഒരു മഹാദുരന്തമായി മാറിയേനെ. ലക്ഷക്കണക്കിനാളുകളെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത് കേരളത്തിെൻറ ഐക്യത്തോടെയുള്ള പ്രവർത്തനമാണ്. ലോകത്തിെൻറ സ്നേഹത്തിനും ആദരവിനും കാരണമായതും ഈ ഐക്യമാണ്. എല്ലാവരെയും യോജിപ്പിച്ച് പ്രവർത്തിക്കാൻ സർക്കാറിന് കഴിഞ്ഞതാണ് ഈ നേട്ടത്തിന് കാരണമെന്നും ഇ.പി പറഞ്ഞു. 40000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. നശിച്ചത് പുനഃസ്ഥാപിക്കുകയല്ല, പുതിയ കേരളത്തെ സൃഷ്ടിക്കുകയാണ് സർക്കാറിെൻറ ലക്ഷ്യം. വീടും ജീവിത സമ്പാദ്യമാകെയും നഷ്ടപ്പെട്ടവരായി ലക്ഷക്കണക്കിന് പേരുണ്ട്. അവരെ രക്ഷിക്കണം. അതിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയ മത്സ്യത്തൊഴിലാളികളെ മന്ത്രി ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി, ജില്ല കലക്ടർ മിർ മുഹമ്മദലി, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി.കെ. സുരേഷ്ബാബു, കെ.പി. ജയബാലൻ മാസ്റ്റർ, കെ. ശോഭ, ടി.ടി. റംല, ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ്, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് പി.പി. ദിവ്യ സ്വാഗതവും സെക്രട്ടറി വി. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story