'പറയപ്പെടാത്ത കഥകൾ' ഇന്ന് അരങ്ങിൽ

05:30 AM
20/05/2018
തൃക്കരിപ്പൂർ: ചരിത്രത്തിൽനിന്ന് തിരസ്കൃതരായ പെണ്ണുങ്ങളുടെ കഥപറയുന്ന 'അൺ ടോൾഡ് സ്റ്റോറീസ്' ഇന്ന് അരങ്ങിലെത്തുന്നു. തൃക്കരിപ്പൂർ കെ.എം.കെ കലാസമിതി വനിതാവേദിയാണ് പറയപ്പെടാത്ത കഥകൾ രംഗവത്കരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംപിടിക്കാതെ പോയ സാന്താൾ കലാപമാണ് നാടകത്തി​െൻറ ഇതിവൃത്തം. ഒന്നാം സ്വാതന്ത്ര്യസമരത്തിനും രണ്ടുവർഷം മുമ്പ് അരങ്ങേറിയ സായുധ വിപ്ലവമാണ് സാന്താൾ കലാപം. ബംഗാൾ, ഒഡിഷ, ബിഹാർ തുടങ്ങിയ പ്രദേശങ്ങളിലെ ഗിരിവർഗക്കാരാണ് ബ്രിട്ടീഷുകാർക്കെതിരായ സായുധ കലാപത്തിൽ പങ്കെടുത്തത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ മനുഷ്യബോംബായി അറിയപ്പെടുന്ന കുയിലിയുടെ ജീവിത പരിസരങ്ങളിലും നാടകം സഞ്ചരിക്കുന്നു. തമിഴ്നാട് ശിവഗംഗയിലെ റാണിയായിരുന്ന വേലു നച്ചിയാരുടെ സൈന്യാധിപയായിരുന്നു കുയിലി. വെള്ളക്കാരുടെ ആയുധപ്പുരയിൽ കടന്നുചെന്ന് കുയിലി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വനിത യോദ്ധാക്കളെ തയാറാക്കിയതും കുയിലിയായിരുന്നു. ചരിത്ര താളുകളിൽ എവിടെയും ഈ വനിതയുടെ പരാമർശമില്ല. രാഷ്ട്രനിർമാണത്തിൽ പുരുഷ​െൻറ തോൾചേർന്ന് പണിയെടുത്ത ധീരവനിതകളിലൂടെ നാടകം സമകാലിക ഇന്ത്യൻ പെൺജീവിതം അനാവരണംചെയ്യുന്നു. വർധിച്ചുവരുന്ന പീഡനങ്ങളും കുടുംബപ്രശ്‌നങ്ങളും തുടങ്ങി പെണ്ണ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് നേരെ തുറന്നുവെച്ച കണ്ണാടിയാവുകയാണ് അൺടോൾഡ് സ്റ്റോറീസ്. ബിനീഷി​െൻറ രചന പ്രവീൺ കാടകം സംവിധാനംചെയ്തിരിക്കുന്നു. വി.കെ. ബാലാമണി, ഗ്രീഷ്മ, ഷൈമ, പി.പി. ലീല, ശ്രീന, എ. കവിത, പി.വി. അഞ്ജന, അജിത എന്നിവരാണ് അഭിനേതാക്കൾ. തൃക്കരിപ്പൂർ ഗവ. ഹൈസ്‌കൂൾ അങ്കണത്തിൽ ഞായറാഴ്ച രാത്രി എട്ടിന് നാടകം അരങ്ങേറും.
Loading...
COMMENTS