Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 10:29 AM IST Updated On
date_range 1 May 2018 10:29 AM ISTതാഴുവീണിട്ട് വർഷങ്ങൾ: നിരാശയുണർത്തുന്ന കാഴ്ചയായി ശ്രീകണ്ഠപുരം ലാറ്റക്സ് ഫാക്ടറി
text_fieldsbookmark_border
ശ്രീകണ്ഠപുരം: വീണ്ടുമൊരു തൊഴിലാളി ദിനം കൂടി വന്നെത്തുമ്പോൾ നിരാശയുണർത്തുന്ന കാഴ്ചയായി ശ്രീകണ്ഠപുരം ലാറ്റക്സ് ഫാക്ടറി. ജില്ലയിൽ ഏറെ പേരുകേട്ട വ്യവസായ സ്ഥാപനത്തിെൻറ ദാരുണമായ സ്ഥിതി എന്ന് അവസാനിക്കുമെന്ന ചോദ്യം ബാക്കിയാവുകയാണ്. റബർ ബോർഡിെൻറയും റബ്കോയുടെയും ഉടമസ്ഥതയിലുള്ള ശ്രീകണ്ഠപുരം മടമ്പം ലാറ്റക്സ് ഫാക്ടറിയാണ് തകർന്നുവീഴാറായി നിലകൊള്ളുന്നത്. അടച്ചുപൂട്ടി 10 വർഷമായ സ്ഥാപനത്തിെൻറ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിലാണ് സ്ഥാപനത്തിന് താഴുവീഴുന്നത്. റബർ ബോർഡ് 25 ലക്ഷം രൂപയും 49 റബർ ഉൽപാദക സംഘങ്ങൾ 25,000 രൂപ വീതവും ഓഹരിയെടുത്താണ് 1996ൽ ഫാക്ടറി തുടങ്ങിയത്. ആദ്യകാലങ്ങളിൽ നന്നായി മുന്നേറിയ സ്ഥാപനം പിന്നീട് തളർച്ചയിലേക്ക് നീങ്ങാൻ തുടങ്ങി. ഉൽപാദന ചെലവ് വർധിക്കുകയും കാര്യമായ വിപണി ലഭിക്കാതെയുമായതോടെ നഷ്ടത്തിലായ ഫാക്ടറിയിൽ പിന്നീട് റബ്കോ ഓഹരിയെടുക്കുകയും ക്രമേണ ചുമതലയേറ്റെടുക്കുകയും ചെയ്തു. തുടർന്നും നഷ്ടക്കണക്ക് വർധിച്ചതോടെ ക്രംബ് റബർ ഉൽപാദിപ്പിക്കാൻ വ്യക്തികൾക്ക് കരാർ നൽകിയെങ്കിലും അതും ഗുണം ചെയ്തില്ല. പരീക്ഷണങ്ങളെല്ലാം പാഴായതിനെ തുടർന്ന് തൊഴിലാളികളെ ഏറെയും പെരുവഴിയിലാക്കി ഫാക്ടറി അടച്ചുപൂട്ടി. ഇത് ഒട്ടേറെ വിവാദങ്ങൾക്കും തിരികൊളുത്തി. പിന്നീട് തൊഴിലാളി സമരം വരെയായി. ഓഹരി ഉടമകളും മറ്റും സ്ഥാപനം നിലനിർത്തണമെന്നുപറഞ്ഞ് രംഗത്തിറങ്ങി. പരേതനായ ഇ. നാരായണൻ റബ്കോ ചെയർമാനായിരിക്കെ ഉൽപാദക സംഘം പ്രതിനിധികളുമായി ചർച്ച നടത്തി ഓഹരിസംഖ്യ തിരിച്ചു നൽകാൻ ധാരണയായെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല. ഓഹരി സംഖ്യ തിരിച്ചു നൽകാതെ കമ്പനിയുടെ ആസ്തി വിൽക്കാനനുവദിക്കില്ലെന്നാണ് ഉൽപാദക സംഘങ്ങളുടെ നിലപാട്. ഉൽപാദക സംഘങ്ങൾ സമ്മതിച്ചാലും റബർ ബോർഡിെൻറ ഓഹരി പങ്കാളിത്തം സംബന്ധിച്ച തർക്കം നിലനിൽക്കും. മടമ്പത്ത് റോഡരികിൽ നാലേക്കറോളം സ്ഥലത്താണ് ഫാക്ടറിയുള്ളത്. കർഷകർക്ക് ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയിൽ വളരെ കുറഞ്ഞ വിലക്കാണ് നാട്ടുകാർ ഫാക്ടറിക്ക് സ്ഥലം വിട്ടു നൽകിയത്. നിലവിൽ ഫാക്ടറിയോടു ചേർന്നുള്ള ഓഫിസിെൻറ അവസ്ഥ ദയനീയമാണ്. വാതിലുകളും ഫർണിച്ചറും ദ്രവിച്ചു. കാടുപിടിച്ച കെട്ടിടങ്ങളും പരിസരവും ഇഴജന്തുകളുടെയും വന്യമൃഗങ്ങളുടെയും താവളമാണ്. ഫാക്ടറിക്കുള്ളിൽ, പാൽ ശേഖരിച്ച ബാരലുകളും മറ്റ് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു. ഫാക്ടറി പൂട്ടിയതോടെ തൊഴിൽ നഷ്ടമായവരിൽ കുറച്ചുപേർ നാമമാത്ര വരുമാനത്തിൽ പിന്നീട് റബ്കോയുടെ കൂത്തുപറമ്പ്, തലശ്ശേരി യൂനിറ്റുകളിൽ ജോലിക്ക് കയറി. ചിലർ ആനുകൂല്യങ്ങൾക്കായി ലേബർ കോടതിയെ സമീപിച്ചിട്ടുണ്ട്. വർഷങ്ങൾ പിന്നിട്ടെങ്കിലും ആനുകൂല്യങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ. പ്രതിസന്ധികൾ മറികടന്ന് ഫാക്ടറിക്ക് പുതുജീവൻ ലഭിക്കുമെന്ന് കരുതുന്നവരുമുണ്ട്. സർക്കാർ ഇടപെടലിലാണ് ഇവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story