Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:18 AM IST Updated On
date_range 6 March 2018 11:18 AM ISTജില്ലയിൽ കഞ്ചാവ് മാഫിയ വിദ്യാർഥികളിലടക്കം പിടിമുറുക്കുന്നതിൽ ആശങ്ക
text_fieldsbookmark_border
ഉദുമ: ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവ് സംഘങ്ങൾ പ്രവർത്തിച്ചുവരുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശങ്ക. മാസങ്ങൾക്കുമുമ്പ് വിദ്യാർഥികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്തതിെൻറ പേരിൽ ഹൈസ്കൂൾ വിദ്യാർഥിയെ പിടികൂടിയിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികളെ ക്ലാസുകളില്‍ നിയന്ത്രിക്കാന്‍ പോലും കഴിയുന്നില്ലെന്നു അധ്യാപകരും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിന് സമീപത്തെ ഒാവുചാലിൽ മരിച്ച നിലയിൽ കാണപ്പെട്ട വിദ്യാർഥിയുടെ മരണത്തിന് പിന്നിലും കഞ്ചാവ് മാഫിയയുടെ കരങ്ങളുണ്ടെന്നാണ് സൂചന. ഇതിനെ സാധൂകരിക്കുന്ന വിധം കസ്റ്റഡിയിലുള്ള കൂട്ടുകാർ മൊഴി നൽകിയതായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരൻ പറഞ്ഞു. സംഭവത്തിനുപിന്നിൽ ജില്ലയിലെ തന്നെ കഞ്ചാവു സംഘങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിലേക്ക് കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ ബെണ്ടിച്ചാൽ, ചട്ടഞ്ചാൽ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വൻ സംഘങ്ങളിൽപെട്ട ചിലരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവർ തന്നെയാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതും. പല സ്‌കൂളുകളിലും രക്ഷാകര്‍തൃ സമിതികളുടെ സഹായത്തോടെ കഞ്ചാവ് വില്‍പനക്കെതിരെ അധ്യാപകര്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും പൂർണമായും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, കുമ്പള, കാസര്‍കോട് ടൗണ്‍, തായലങ്ങാടി, തളങ്കര, പള്ളം, നെല്ലിക്കുന്ന്, കസബ കടപ്പുറം, മേല്‍പറമ്പ്, ചട്ടഞ്ചാല്‍, ഉദുമ, പള്ളിക്കര, ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പടന്ന, കാലിക്കടവ്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലാണ് ജില്ലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുന്നത്. കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ പോലും കഞ്ചാവ് വില്‍പന തകൃതിയായി നടക്കുന്നു. നഗരത്തിലെ ചില ഒഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം. ഇവിടങ്ങളില്‍ ഉപഭോക്താക്കളായി എത്തുന്നത് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതലമുറയാണ്. മയക്കുമരുന്നിന് അടിപ്പെടുന്ന വിദ്യാര്‍ഥികള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തിൽ ഏര്‍പ്പെടുകയും അത് നാടിെൻറ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യുന്നുണ്ട്. കഞ്ചാവ് നിറച്ച ബീഡികളും സിഗരറ്റുകളും വില്‍ക്കുന്ന സംഘവും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട് പഴയ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന കൂടുതലായും നടക്കുന്നത്. നിരവധി തവണ കഞ്ചാവുമായി അറസ്റ്റിലായവര്‍ തന്നെയാണ് ജാമ്യത്തിലിറങ്ങി വീണ്ടും ഇതേ ബിസിനസിലേക്ക് കടക്കുന്നത്. പൊലീസിലെ ചിലരും കഞ്ചാവ് മാഫിയകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും വ്യാപക പരാതിയുയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story