Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:56 AM IST Updated On
date_range 2 March 2018 10:56 AM ISTശ്രുതിമീട്ടിയ ജീവിതത്തിെൻറ അപശ്രുതി ആരു മാറ്റും?
text_fieldsbookmark_border
പയ്യന്നൂർ: തെൻറ പ്രിയപ്പെട്ട സംഗീതോപകരണമായ ശ്രുതിപ്പെട്ടിയിൽ, കവി ബൈബിൾവചനത്തിന് സംഗീതഭാഷ നൽകിയ 'ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല' എന്ന ഗാനം വായിക്കുമ്പോൾ ശ്രീധരെൻറ കണ്ണുകൾ നിറഞ്ഞൊഴുകി. യൗവനം സംഗീതത്തിനായി ഉഴിഞ്ഞുവെച്ചപ്പോൾ വിതക്കാൻ മറന്നതിെൻറ വേദനയായിരുന്നു ഹൃദയത്തിൽ. പയ്യന്നൂർ കെ.പി ക്വാർട്ടേഴ്സിൽ ഉടമ കനിഞ്ഞുനൽകിയ ചെറുമുറിയിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ് പ്രശസ്ത കലാകാരനും ഒട്ടേറെ കലാകാരന്മാർക്ക് സംഗീതോപകരണങ്ങളുടെ അപശ്രുതി മാറ്റിക്കൊടുക്കുകയുംചെയ്ത വി. ശ്രീധരൻ. മണത്തണയിലായിരുന്ന ശ്രീധരൻ 1992ലാണ് പയ്യന്നൂരിലെത്തി വാടക ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. 1998ൽ അമ്മ വേലാണ്ടിവീട്ടിൽ കുഞ്ഞിമാധവിയുടെ മരണത്തോടെ ഇദ്ദേഹം ഒറ്റത്തടിയായി. ഏഴാംതരം വരെ പഠിച്ച ശ്രീധരൻ സംഗീതകമ്പം തലക്ക് പിടിച്ചപ്പോൾ കർണാടകയിലേക്ക് വണ്ടികയറി. സംഗീതപഠനത്തോടൊപ്പം സംഗീത ഉപകരണങ്ങളുടെ റിപ്പയറിങ്ങും പഠിച്ചു. ആദ്യമൊക്കെ നല്ല ഉപജീവനമാർഗമായിരുന്നു. തുടർന്ന് പയ്യന്നൂരിൽ ശ്രീവിദ്യ ഹാർമോണിയം വർക്സ് തുടങ്ങി. തംബുരു, വയലിൻ, സിത്താർ, വീണ, സായ് ബാങ്ക്, സാരംഗി എന്നീ ഉപകരണങ്ങൾ കൈകാര്യംചെയ്യാനും റിപ്പയർ ചെയ്യാനും ശ്രീധരന് സാധിക്കുന്നു. ഹാർമോണിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്യൂൺ സൃഷ്ടിക്കാൻ ഈ കലാകാരന് അനായാസം സാധിച്ചിരുന്നു. ഇതാണ് മുടങ്ങാതെ 12 വർഷം കേരള കലാമണ്ഡലത്തിലും അഡയാർ കലാക്ഷേത്രത്തിലും ആകാശവാണികളിലും പ്രമുഖ കലാകാരന്മാരുടെ സംഗീതോപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് നിയുക്തനാവാൻ കാരണമായത്. എന്നാൽ, ഇതൊരിക്കലും സ്ഥിരവരുമാനമുള്ള തൊഴിലായിരുന്നില്ലെന്ന് ശ്രീധരൻ പറയുന്നു. ശാസ്ത്രീയസംഗീത വേദികളിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൾപ്പെടെയുള്ള പ്രമുഖർക്കുവേണ്ടി പക്കമേളം വായിക്കാനും ശ്രീധരന് അവസരം ലഭിച്ചിട്ടുണ്ട്. ആധുനിക സംഗീതോപകരണങ്ങളുടെ അധിനിവേശത്തിൽ ഹാർമോണിയം ഉൾപ്പെടെയുള്ളവ പുറത്തായതോടെയാണ് ഇദ്ദേഹത്തിെൻറ ജീവിതം വഴിമുട്ടിയത്. ഇതോടൊപ്പംതന്നെ രോഗവും കൂട്ടിനെത്തി. വാത രോഗമായിരുന്നു ആദ്യം. തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗം. പരിയാരത്തുനിന്ന് തലയിൽ ശസ്ത്രക്രിയ വേണ്ടിവന്നു. വിദ്യാർഥികളുടെ ജീവകാരുണ്യ സംഘടനയായ സാന്ത്വനത്തിെൻറ തണലിലായിരുന്നു ചികിത്സ. തുടർന്ന് കണ്ഠനാളത്തിൽ അർബുദമായിരുന്നു വേട്ടയാടിയത്. 25 തവണ റേഡിയേഷൻ നടത്തി. തുടർചികിത്സക്ക് നിർദേശമുണ്ടെങ്കിലും ഇതിന് സാധിക്കാത്ത സ്ഥിതിയിലാണ് ഈ കലാകാരൻ. അവശ കലാകാരന്മാർക്കുള്ള പെൻഷൻ പാസായതായി പറയുന്നു. എന്നാൽ, ഇതുവരെ കൈയിൽ കിട്ടിയിട്ടില്ല. നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് ഇപ്പോൾ മരുന്നും മറ്റും വാങ്ങുന്നത്. നമ്പ്യാത്രകൊവ്വൽ ശിവശക്തി ഭജനസമിതിയുടെ പ്രവർത്തകരുടെ സഹായം ഇതിൽ പ്രധാനമാണെന്ന് ശ്രീധരൻ പറയുന്നു. എന്നാൽ, തല ചായ്ക്കാൻ ഇടമില്ലാതെ വാടകമുറിയിൽ കിടപ്പിലായാൽ ആരു നോക്കും എന്ന ചിന്ത ഈ 63കാരനെ അലട്ടുന്നു. രാഘവൻ കടന്നപ്പള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story