വിജിലൻസ് പരിശോധനക്കിടെ പണം നഷ്​ടപ്പെട്ട സംഭവം: മുഖ്യമന്ത്രി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക്​ പരാതി നൽകി

05:53 AM
12/07/2018
കാസർകോട്: വിജിലൻസ് പരിശോധനക്കിടെ വീട്ടിൽ‌ സൂക്ഷിച്ചിരുന്ന 22,000 രൂപ നഷ്ടമായതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതായി ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെയിംസ് പന്തമ്മാക്കൽ, ഭാര്യ ഡെയ്സി ജെയിംസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കോടതിയുടെ അനുമതിയോടെ കഴിഞ്ഞ അഞ്ചിന് രാവിലെ ഏഴിനാണ് പാലാവയൽ കണ്ണിവയൽ ഭാവനഗിരിയിലെ വീട്ടിൽ വിജിലൻസ് ഡിവൈ.എസ്പിമാരുടെ നേതൃത്വത്തിൽ ഏഴു വാഹനങ്ങളിലായി ഇരുപതിലേറെ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. വിജിലൻസ് സംഘമെത്തിയതോടെ അലമാരയിലുണ്ടായിരുന്ന സ്വർണവും പണവും അവർ കൊണ്ടുപോകുമെന്നതിനാൽ കുട്ടികളുടെ ആഭരണങ്ങൾ അവരെ അണിയിക്കുകയും വീട്ടുചെലവിനായി ഏൽപിച്ചിരുന്ന 22,000 രൂപ തുണിയിൽ പൊതിഞ്ഞ് അലമാരയിൽ സൂക്ഷിക്കുകയുമായിരുന്നു. ഈ തുകയാണ് പരിശോധനക്കിടെ നഷ്ടമായത്. പരിശോധനകൾ കാമറയിൽ പകർത്തണമെന്ന് നിബന്ധനയുണ്ട്. എന്നാൽ, പണം എടുത്തസമയത്ത് കാമറയുടെ ബാറ്ററി ചാർജിന് െവച്ചതിനാൽ ഇത് പകർത്തിയില്ല. വൈകീട്ട് ആറിന് പരിശോധന പൂർത്തിയാക്കിയതിനുശേഷം സ്വയം ദേഹപരിശോധന നടത്തുന്നത് ചിത്രീകരിക്കുകയും വീട്ടിനുള്ളിൽ നാലു മണിക്കൂർ നടന്ന പരിശോധന മനഃപൂർവം കാമറയിൽ പകർത്താതെ ഒഴിവാക്കുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. പരിശോധനയുടെ ഭാഗമായി പോളിഗ്രാഫ് ടെസ്റ്റ് അടക്കം നടത്തുന്നതിനും പണം മോഷ്ടിച്ചയാൾക്കെതിരെ നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Loading...
COMMENTS