Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:00 AM IST Updated On
date_range 5 Jan 2018 11:00 AM ISTപാചകവാതക അദാലത്തിൽ പരാതിപ്രളയം
text_fieldsbookmark_border
കണ്ണൂർ: പാചകവാതക അദാലത്തിൽ ഗ്യാസ് ഏജൻസികൾക്കെതിരെ പരാതിപ്രളയം. 15 ദിവസത്തിനുള്ളിൽ പരാതികൾക്ക് പരിഹാരം കാണുമെന്ന് ജില്ല ഭരണാധികാരികൾ. ഉപഭോക്താക്കൾക്ക് നിർബന്ധമായും ബിൽ നൽകണമെന്നും അതിൽ ഡെലിവറി ചാർജ് പ്രത്യേകം കാണിക്കണമെന്നും അദാലത്തിൽ ഏജൻസികൾക്ക് കലക്ടർ കർശനനിർദേശം നൽകി. ബില്ലിൽ കാണിച്ച തുക മാത്രമേ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ പാടുള്ളൂ എന്നും നിർദേശിച്ചു. സൗജന്യമേഖലയിൽ വരുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന കാഷ് ബില്ലിൽ ഡെലിവറി ചാർജ് കൂടി ഉൾപ്പെടുത്തുന്നതായി പരാതി ലഭിച്ചു. ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. അഞ്ചു കിലോമീറ്റർ വരെ പാചകവാതക സിലിണ്ടർ വിതരണം ചെയ്യുന്നതിന് സർവിസ് ചാർജ് വാങ്ങാൻ പാടില്ലെങ്കിലും ഭൂരിപക്ഷം ഏജൻസികളും വീട്ടമ്മമാരിൽനിന്ന് കൂടുതൽ ചാർജ് ഈടാക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് ഫ്രീസോൺ പരിധിനിശ്ചയിച്ച് കാർഡിൽ രേഖപ്പെടുത്തണം. സിലിണ്ടർ വിതരണം ചെയ്യുന്ന വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ ഹസാർഡ് ലൈസൻസ് എടുക്കണം. സിലിണ്ടർ കൊണ്ടുപോകുന്ന വാഹനം ഡിസാസ്റ്റർ മാനേജ്മെൻറ് സ്കീം പ്രകാരം സുരക്ഷാസംവിധാനം ഒരുക്കണം. ഉപഭോക്താവിന് ഗ്യാസ് സിലിണ്ടർ തൂക്കിനൽകണം. ഏജൻറുമാർ വെയിങ് മെഷീൻ വീടുകളിലേക്ക് കൊണ്ടുപോകണമെന്നും അദാലത്തിൽ തീരുമാനമായി. റവന്യൂ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഏജൻസികളിൽ പരിശോധന നടത്തും. പാചകവാതക സിലിണ്ടർ കൃത്യമായി വിതരണം ചെയ്യാതിരിക്കുക, സിലിണ്ടർ വ്യാപകമായി മറിച്ചുനൽകുന്നത് നിർത്തലാക്കുക, അമിത ചാർജ് ഈടാക്കൽ, സബ്സിഡി പാസ് ബുക്കിൽ ലഭിക്കാത്തത്, ഗ്യാസിെൻറ തൂക്കക്കുറവ്, ഏജൻസികളിൽനിന്ന് ഉപഭോക്താക്കളോട് മോശമായി പെരുമാറൽ തുടങ്ങി നിരവധി പരാതികളാണ് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. പരാതിയിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാചകവാതക ഉപഭോക്തൃഫോറവും നിവേദനം നൽകിയിരുന്നു. കൂടുതൽ പരാതി ഉയർന്ന ടി.ആർ ഗ്യാസ് ഏജൻസി മട്ടന്നൂർ, ദേവൂ താണ, ഹൈസ്റ്റാർ വാരം എന്നീ ഏജൻസികളിൽ ഉദ്യോഗസ്ഥരുടെ പ്രത്യേക പരിശോധന നടത്താനും ഉത്തരവിട്ടു. ഉപഭോക്താക്കൾക്ക് ആവശ്യമായ സഹായം നൽകാതെ ഏജൻസികൾക്കുവേണ്ടി വാദിച്ച ഇന്ത്യൻ ഓയിൽ കോർപറേഷൻ സെയിൽസ് ഓഫിസർക്കെതിരെയും നിരവധിപേർ പരാതി ഉന്നയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ കലക്ടർ മിർ മുഹമ്മദലി, എ.ഡി.എം മുഹമ്മദ് യൂസഫ്, െഡപ്യൂട്ടി കലക്ടർമാരായ ഷമീൻ സെബാസ്റ്റ്യൻ, അനിൽകുമാർ, ജില്ല സപ്ലൈ ഓഫിസർ വി. രമേശൻ, താലൂക്ക് സപ്ലൈ ഓഫിസർമാർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെേട്രാളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെേട്രാളിയം കോർപറേഷൻ പ്രതിനിധികൾ, പാചകവാതക ഉപഭോക്തൃഫോറം ഭാരവാഹികളായ കെ. ജയരാജൻ, പി.വി. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story