Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:51 AM IST Updated On
date_range 5 Jan 2018 10:51 AM ISTമലനാട് ടൂറിസം പദ്ധതി: വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: ഉത്തരമലബാറിെൻറ സമഗ്ര ടൂറിസം വികസനത്തിനായി 365 കോടിയുടെ മലനാട് പദ്ധതി വരുന്നു. ഇതിെൻറ മുന്നോടിയായി കേന്ദ്ര-സംസ്ഥാന ടൂറിസം പ്രതിനിധിസംഘം പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ചു. ഇന്നലെ രാവിലെ തളിപ്പറമ്പ് കുപ്പം പുഴയിൽനിന്നാരംഭിച്ച യാത്രക്ക് മംഗലശ്ശേരി, കോട്ടക്കീൽ, പഴയങ്ങാടി, തെക്കുമ്പാട്, പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത് തുടങ്ങിയ കേന്ദ്രങ്ങളിലും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വൈകീട്ട് പറശ്ശിനിക്കടവിൽ യാത്ര സമാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം മോഡൽ വില്ലേജുകൾ ഉണ്ടാക്കുകയാണ് മലനാട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുഴയോരത്തെ ഓരോ വില്ലേജിലും ആ പ്രദേശവുമായി ബന്ധപ്പെട്ട പാരമ്പര്യ കല, -സംസ്കാരം എന്നിവയെ അടിസ്ഥാനപ്പെടുത്തി അത്തരം വിനോദോപാധികളും ഏർപ്പെടുത്തും. സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾക്ക് ഉത്തരമലബാറിെൻറ ടൂറിസത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം അതത് പ്രദേശങ്ങളിലുള്ളവർക്ക് അനന്തമായ തൊഴിൽസാധ്യതയും ഇത് തുറന്നുകൊടുക്കുന്നുണ്ട്. കുപ്പം മുതൽ പറശ്ശിനിക്കടവ് വരെയാണ് ആദ്യഘട്ട പദ്ധതി നടപ്പാക്കുക. ഇതിന് 100 കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിക്കുക. അതിനുപുറമെ സംസ്ഥാന സർക്കാർ നിലവിൽ 38 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. ആദ്യഘട്ട പദ്ധതിപ്രദേശങ്ങളാണ് കേന്ദ്ര ടൂറിസം വകുപ്പ് പ്രതിനിധിസംഘം മേധാവി ദർശന മാലി സന്ദർശിച്ചത്. ഇവർ നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാവും മലനാട് പദ്ധതിയുടെ ഭാവി നിർണയിക്കുക. പദ്ധതിക്ക് അനുകൂല സാഹചര്യമാണുള്ളതെന്ന് ദർശന മാലി കുപ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നടപ്പിലാവുന്നതോടെ ഉത്തര മലബാർ ലോക ടൂറിസ ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി മാറുമെന്ന് എം.എൽ.എമാരായ െജയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവർ പറഞ്ഞു. പ്രതിനിധിസംഘത്തെ വരവേൽക്കാൻ വിവിധ കേന്ദ്രങ്ങളിൽ തെയ്യം, കളരിപ്പയറ്റ്, പൂരക്കളി, തിരുവാതിര, വാദ്യമേളം, കഥകളി തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷ്, സംസ്ഥാന ടൂറിസം പ്ലാനിങ് ഓഫിസർ സി. സതീഷ്, അസി. പ്ലാനിങ് ഓഫിസർ ജയകുമാർ, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story