Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 10:35 AM IST Updated On
date_range 10 Feb 2018 10:35 AM ISTദർശനപുണ്യമായി മുച്ചിലോട്ടമ്മയുടെ തിരുമുടി നിവർന്നു - തായിനേരി മുച്ചിലോട്ടു ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് തിരശ്ശീല^^^^^^^^^^^^^^^^^^^^^^^^^^^^^
text_fieldsbookmark_border
ദർശനപുണ്യമായി മുച്ചിലോട്ടമ്മയുടെ തിരുമുടി നിവർന്നു - തായിനേരി മുച്ചിലോട്ടു ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് തിരശ്ശീല----------------------------- പയ്യന്നൂർ: മകരച്ചൂടിെൻറ കാഠിന്യമവഗണിച്ച് ഒഴുകിയെത്തിയ പതിനായിരങ്ങൾക്ക് ദർശനസായൂജ്യമായി മുച്ചിലോട്ടമ്മയുടെ തിരുമുടി നിവർന്നു. 14 സംവത്സരങ്ങൾക്ക് ശേഷമെത്തിയ ഭഗവതിയുടെ ദർശനത്തിനെത്തുന്നവരുടെ തിരക്ക് സംഘാടകരെപ്പോലും വിസ്മയിപ്പിക്കുന്നതായിരുന്നു. രാവിലെതന്നെ നഗരത്തിൽനിന്നുള്ള പാതകളിൽ വാഹന ഗതാഗതം നിലച്ചതോടെ പുരുഷാരം പാതകളിലൂടെ ഒഴുകി. ഉച്ചക്ക് രണ്ടരയോടെയാണ് ക്ഷേത്രത്തിെൻറ കന്നിമൂലയിൽ കൈലാസക്കല്ലിനടുത്ത് തിരുമുടി ഉയർന്നത്. ചെത്തിപ്പൂമാലകൊണ്ടലംകൃതമായ വർണമുടിയണിഞ്ഞ ദേവിയെ വിശ്വാസികൾ അരിയെറിഞ്ഞ് സ്വീകരിച്ചു. ദേവവാദ്യമായ തകിലിെൻറയും ചീനിക്കുഴലിെൻറയും അനന്യസുന്ദരമായ പതിഞ്ഞ താളത്തിനൊപ്പം പൊയ്ക്കണ്ണണിഞ്ഞ് കൈകളിൽ വെള്ളോട്ട് പന്തം ചുഴറ്റി ക്ഷേത്രത്തിന് മൂന്നുതവണ വലംവെച്ചു. തുടർന്ന് മണിക്കിണറിൽ നോക്കി പൂവിട്ട് തിരുവായുധം ഏറ്റുവാങ്ങി. കൈലാസക്കല്ലിൽ ഭഗവതിയുടെ തിരുമുടി നിവരുമ്പോൾ പുരുഷമേധാവിത്വത്തിെൻറ ഇരയായി നാടുവിട്ട് പെരുമ്പുഴ കടന്ന് കരിവെള്ളൂരിലെത്തി ആത്മാഹുതിചെയ്ത ബ്രാഹ്മണ കന്യകയുടെ പുരാവൃത്തത്തെ അനുസ്മരിച്ച് ഭഗവതിയുടെ പ്രതിപുരുഷനും വാല്യക്കാരും മേലേരി കൈയേറ്റു. അനുഷ്ഠാനങ്ങൾക്കു ശേഷമാണ് കാത്തിരുന്ന ഭക്തന്മാർക്ക് മഞ്ഞക്കുറി നൽകി അനുഗ്രഹിച്ചത്. അനുഗ്രഹം ഏറ്റുവാങ്ങാനെത്തിയവരുടെ നിര കിലോമീറ്ററുകൾ പിന്നിട്ടതോടെ കളിയാട്ടത്തിെൻറ കലാശം രാത്രി ഏറെ വൈകുന്നതുവരെ നീണ്ടു. അർധ രാത്രിയോടെ വെറ്റിലാചാരത്തിനു ശേഷമാണ് തിരുമുടി താഴ്ത്തിയത്. കാനായിയിലെ സുകേശൻ പെരുവണ്ണാനായിരുന്നു കോലധാരി. നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയെങ്കിലും മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടിയണിയാനുള്ള നിയോഗം ആദ്യമായാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. സമാപനദിനമായ വെള്ളിയാഴ്ച തെയ്യങ്ങളുടെ സംഗമഭൂമികയായ മുച്ചിലോട്ട് പുലിയൂർ കണ്ണൻ, തൽസ്വരൂപൻ ദൈവം, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, പുലിയൂർ കാളി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. പതിനായിരങ്ങൾക്ക് അന്നപ്രസാദവും നൽകി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കളിയാട്ടം ആരംഭിച്ചത്. അനുബന്ധ പരിപാടികൾ രണ്ടുമാസം മുമ്പും ഒരുക്കങ്ങൾ ഒരുവർഷം മുമ്പും തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story