Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 11:02 AM IST Updated On
date_range 25 Aug 2018 11:02 AM ISTദുരിതാശ്വാസ ദൗത്യവുമായി 'ഓണത്തോണി' മേലാങ്കോട്ടുനിന്ന് ഇന്ന് പുറപ്പെടും
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഓണക്കാലം കുടുംബത്തോടൊപ്പം സദ്യ ഒരുക്കിയും യാത്രചെയ്തും വിനോദത്തിലേർപ്പെട്ടും സന്തോഷിക്കാനില്ല മേലാങ്കോട്ടെയും അരയിയിലെയും യുവാക്കൾ. തങ്ങളെപ്പോലെയുള്ള സഹജീവികൾ വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുമ്പോൾ അവർക്ക് സാധാരണജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള പരിശ്രമവുമായി സ്നേഹത്തിെൻറ തണലുമായി 'ഓണത്തോണി' ശനിയാഴ്ച യാത്ര പുറപ്പെടും. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിെൻറയും അരയി ഗവ. യു.പി സ്കൂളിെൻറയും പരിധിയിലുള്ള വിദഗ്ധരായ തൊഴിലാളികളാണ് തിരുവോണനാളിൽ ചാലക്കുടിയിലേക്ക് പുറപ്പെടുന്നത്. ഇരുപതിലധികം വീടുകൾ പൂർണമായും നാൽപതോളം വീടുകൾ ഭാഗികമായും പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി നിർമിച്ച് ജീവകാരുണ്യപ്രവർത്തനങ്ങളിൽ ശ്രദ്ധേയരായ അരയി വൈറ്റ് ആർമി, പൈരടുക്കം പ്രിസം, മേലാങ്കോട്ട് സ്കൂളിലെ പി.ടി.എ എക്സി. കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപ്പെട്ട മുപ്പതംഗ തൊഴിൽസേനയാണ് ഓണത്തോണി എന്ന പേരിൽ സന്നദ്ധസേവനത്തിനായി പുറപ്പെടുന്നത്. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ജയന്തിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് യാത്ര. ചാലക്കുടി താലൂക്ക് ആശുപത്രി, മറ്റു പൊതുമേഖല സ്ഥാപനങ്ങൾ, പാവപ്പെട്ടവരുടെ വീടുകൾ എന്നിവ അറ്റകുറ്റപ്പണിചെയ്തും ശുചീകരിച്ചും പ്രവർത്തനക്ഷമമാക്കുക, വീടുകൾ വാസയോഗ്യമാക്കുക, കടപുഴകി വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുക, കിണറുകൾ വൃത്തിയാക്കുക, കെട്ടിടങ്ങളുടെ ചുവരുകൾ പെയിൻറ്ചെയ്ത് ഭംഗിവരുത്തുക, ഇലക്ട്രിക്-പ്ലംബിങ് ജോലി ഏറ്റെടുത്ത് നടത്തുക, ഫർണിച്ചറുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും റിപ്പയർ ചെയ്യുക എന്നീ പ്രവൃത്തികളാണ് അഞ്ചുദിവസങ്ങൾകൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്നതെന്ന് ക്യാപ്റ്റൻ കൊടക്കാട് നാരായണൻ പറഞ്ഞു. പ്രത്യേക പരിശീലനം നൽകിയശേഷമാണ് സംഘം യാത്ര തിരിക്കുന്നത്. അഗ്നിസുരക്ഷാവിഭാഗം കാഞ്ഞങ്ങാട് സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ അംഗങ്ങൾക്ക് ദുരന്തനിവാരണമേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുക്കും. സുരാസു അരയി (ടീം മാനേജർ), പ്രകാശൻ എച്ച്.എൻ (അസി. മാനേജർ), കൊടക്കാട് നാരായണൻ (ക്യാപ്റ്റൻ), ജി. ജയൻ (വൈസ്ക്യാപ്റ്റൻ), കൂലോത്ത് നാരായണൻ (സാങ്കേതിക വിഭാഗം കൺവീനർ) എന്നിവർക്കാണ് നേതൃത്വം. മേലാങ്കോട്ട് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഓണത്തോണി ഫ്ലാഗ്ഓഫ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story