കണ്ണൂർ-തലശ്ശേരി-മൈസൂരു-ബംഗളൂരു റൂട്ടിൽ 12 മണിക്കൂർ യാത്രക്കാർ പെരുവഴിയിൽ

06:35 AM
10/08/2018
കണ്ണൂർ: കർണാടകയിലേക്കുള്ള കണ്ണൂർ ജില്ലയിൽനിന്നുള്ള പാതകളിൽ നാൽപതോളം ബസുകളും അതിലെ യാത്രക്കാരും ഒരു രാവും പകലും പെരുമഴയത്ത് തെരുവിലായി. സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർക്ക് കണ്ണൂർ-വയനാട് ജില്ല ഭരണകൂടം സംയുക്തമായി നടത്തിയ നീക്കത്തിൽ മണിക്കൂറുകൾക്കുശേഷമാണ് ദുരിതാശ്വാസം ലഭിച്ചത്. റോഡ് തകർന്നതിനാൽ ബസുകൾ വ്യാഴാഴ്ച രാത്രി വൈകിയും മറുകരകാണാതെ കാത്തിരിക്കുകയാണ്. ഇതേതുടർന്ന് യാത്രക്കാർ പല മാർഗേണ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. കണ്ണൂരിൽനിന്നും തലശ്ശേരിയിൽനിന്നുമുള്ള ബസുകൾ കൊട്ടിയൂർ-വയനാട് ചുരം റോഡ് തകർന്നതിനാൽ തലപ്പുഴ-മാനന്തവാടിവഴിയാണ് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും സർവിസ് നടത്തിയിരുന്നത്. കാലവർഷത്തി​െൻറ തുടക്കത്തിൽ മാക്കൂട്ടം ചുരം തകർന്ന് കുടക് മേഖലയിലേക്കുള്ള ബസോട്ടവും ഇതുവരെയും പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. അതിനിടയിലാണ് ബംഗളൂരു, ൈമസൂരു റൂട്ടിലും തടസ്സമുണ്ടായിരിക്കുന്നത്. കണ്ണൂർ കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു ബസുകൾ തലപ്പുഴയിൽ നിർത്തിയിടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസുകളും തലപ്പുഴയിലെത്തി യാത്ര തുടരാനാവാതെ തിരിച്ചുവന്നു. കർണാടക സർക്കാറി​െൻറ സ്കാനിയ സർവിസുകളുൾപ്പെടെ തലപ്പുഴയിൽ കുടുങ്ങി. കണ്ണൂരിലും തലശ്ശേരിയിലുമായി വിവിധ ടൂറിസ്റ്റ് ബസുകൾ വ്യാഴാഴ്ച മുഴുവൻ ബുക്കിങ്ങുകളും റദ്ദാക്കി യാത്ര ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെ കണ്ണൂരിലെത്തേണ്ട ഇൗ റൂട്ടിലോടുന്ന ബസുകളൊന്നും രാത്രിയായിട്ടും എത്തിച്ചേരാതിരുന്നതാണ് കാരണം.
Loading...
COMMENTS