അവർ വാക്ക്​ പാലിച്ചു, വൃദ്ധദമ്പതിമാരുടെ വീട് യാഥാർഥ്യമായി

06:35 AM
10/08/2018
തൃക്കരിപ്പൂർ: വീടിനകത്ത് മഴ നനയാതിരിക്കാൻ ഫുട്ബാൾ ഫ്ലക്സ് ബോർഡ് തേടിയെത്തിയ കുടുംബത്തിന് ബീരിച്ചേരിയിലെ യുവകൂട്ടായ്മ നൽകിയ വാക്ക് യാഥാർഥ്യമായി. ഇരുട്ടും ചോർച്ചയും സ്വൈരംകെടുത്തിയ വീട് മനോഹരമാക്കിയെടുക്കാൻ ഇവർക്ക് വേണ്ടിവന്നത് കഷ്ടിച്ച് ഒരുമാസം. പാതയോരത്തെ കൂറ്റൻ ഫ്ലക്സ്ബോർഡ് ആവശ്യം കഴിഞ്ഞാൽ ഏതാനും കുടുംബങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുമോ എന്നന്വേഷിച്ചാണ് പാലിയേറ്റിവ്‌ വളൻറിയർ ബീരിച്ചേരിയിലെ യുവാക്കളെ സമീപിച്ചത്. അനുതാപം തോന്നിയ യുവാക്കൾ വീടു കാണാൻ പുറപ്പെടുകയായിരുന്നു. പേക്കടത്തെ വീട്ടിൽ കിടപ്പുരോഗിയായ ഭാര്യയെ പരിചരിച്ച് കഴിയുന്ന എഴുപതുകാരൻ. അടുക്കള ചോർന്നൊലിക്കുന്നു. അടച്ചുറപ്പുള്ള വാതിലില്ല. വെള്ളം കയറാത്ത ഒരു മുറിയിൽ മുഴുവൻ സാധനങ്ങളും അടുക്കിയിട്ടിരിക്കുന്നു. നനയാതെ ഉണ്ടായിരുന്ന മുറിയിലും മഴ എത്തിയതോടെയാണ്, ഇവരുടെ മേൽക്കൂര മൂടുവാൻ ഫ്ലക്സ് തേടിയത്. വീട്ടിലെ അവസ്ഥകളിൽ മനസ്സലിഞ്ഞ യുവാക്കൾ 'ലൈവ് ബീരിച്ചേരി' വാട്സ്ആപ് കൂട്ടായ്മയിലൂടെ ഒറ്റദിവസംകൊണ്ട് ലക്ഷം രൂപ സ്വരൂപിച്ച് പണി തുടങ്ങി. പണിക്ക് നേതൃത്വം നൽകാൻ ഒന്നോ രണ്ടോ പേരെ എപ്പോഴും നിർത്തി. ഇതിനിടയിൽ കുടുംബത്തെ സുരക്ഷിതമായി മറ്റൊരിടത്ത് പാർപ്പിക്കുകയും ചെയ്തു. അന്നുതന്നെ അടുക്കളയുടെ ചുവരുകളിൽ സിമൻറ് പൂശി. വാതിലുകൾ ഒരുക്കി. അടുത്ത ദിവസംതന്നെ അടുക്കളക്ക് മുകളിൽ ഷീറ്റ് പാകി. പിന്നീട് വീട് പൂർണമായും അറ്റകുറ്റപ്പണി ചെയ്യാനായി ഏറ്റെടുക്കുകയായിരുന്നു. ബീരിച്ചേരിയിലെ വാടകവീട്ടിൽനിന്ന് എത്തിയ ദമ്പതിമാരെ വി.പി. അശ്കറും യു.പി. ഫഹീമും ചേർന്നാണ് വീട്ടിലേക്ക് കൈപിടിച്ചുകയറ്റിയത്. ഗൃഹപ്രവേശന ചടങ്ങിൽ മുനവ്വിറുൽ ഇസ്‌ലാം അറബിക് കോളജ് പ്രിൻസിപ്പൽ മാണിയൂർ അഹമ്മദ് മൗലവി, കുറുവാപ്പള്ളിയറ പ്രസിഡൻറ് വി.എം. ശ്രീധരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. യു.പി. ഫായിസ്, വി.പി.പി. ഷുഹൈബ്, യു.പി. ഫാസിൽ, കെ. നൗഫൽ, വി.പി. മുസ്തഫ, എൻ. ഇസ്മായിൽ, ഷാജഹാൻ മൊറക്കാട്ട് എന്നിവരാണ് നിർമാണപ്രവൃത്തിക്ക് നേതൃത്വം നൽകിയത്. തൊട്ടടുത്ത വീട്ടിൽ കഴിയുന്ന യുവതിക്ക് കട്ടിലും കിടക്കയും യുവാക്കൾ എത്തിച്ചുനൽകി.
Loading...
COMMENTS