Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:44 AM IST Updated On
date_range 9 Aug 2018 11:44 AM ISTകനത്ത മഴ തോരാതെ; മലയോര മേഖലകൾ ദുരന്ത ഭീതിയിൽ
text_fieldsbookmark_border
കേളകം: ഒരാഴ്ചയായുള്ള പെരുമഴയിൽ മലയോര ഗ്രാമങ്ങൾ പ്രകൃതിദുരന്ത ഭീഷണിയിൽ. കൊട്ടിയൂർ, ആറളം വനങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ചൊവ്വാഴ്ച മുതൽ പെയ്ത കനത്ത മഴയെ തുടർന്ന് ചീങ്കണ്ണി, ബാവലി പുഴകൾ കവിഞ്ഞൊഴുകി നിരവധി പേരുടെ കൃഷി നശിച്ചു. മണ്ണിടിച്ചിലിൽ കേളകം, കൊട്ടിയൂർ പഞ്ചായത്ത് പരിധിയിൽ മൂന്ന് വീടുകൾ തകർന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ അറിയിച്ചു. അടക്കാത്തോട് മുട്ടുമാറ്റിയിൽ പുനർ നിർമാണത്തിലിരുന്ന ആനമതിൽ രണ്ടിടങ്ങളിൽ വീണ്ടും തകർന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പുണ്ടായ കനത്ത മഴയിൽ ആനമതിൽ തകർന്നത് പുനർനിർമിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച ചാപ്പത്തോട്ടിലുണ്ടായ കുത്തൊഴുക്കിൽ ആനമതിലിെൻറ നിർമാണത്തിലിരുന്ന ഭാഗവും മുട്ടുമാറ്റിയിലും വീണ്ടും തകർന്നത്. ചീങ്കണ്ണിപ്പുഴയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് വാളുമുക്ക്, മുട്ടുമാറ്റി, നരിക്കടവ്, പൂക്കുണ്ട്, വളയഞ്ചാൽ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിയിടങ്ങളിൽ വെള്ളം കയറി. വളയഞ്ചാൽ മുതൽ കരിയങ്കാപ്പ് വരെയുള്ള ആനമതിലിെൻറ നിരവധി ഭാഗങ്ങളിൽ വെള്ളം കവിഞ്ഞൊഴുകിയത് മതിലിെൻറ ബലക്ഷയത്തിന് കാരണമായി. മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളിലും പുഴവെള്ളം കയറിയത് ഗതാഗത പ്രതിസന്ധിയുണ്ടാക്കി. ബാവലിപ്പുഴയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ഇരട്ടത്തോട്ടിൽ പുഴ ഗതിമാറിയൊഴുകി കനത്ത കൃഷിനാശമുണ്ടായി. കരയിടിച്ചിലും വ്യാപകമായതോടെ കൃഷിയിടങ്ങൾ തകർച്ചഭീഷണിയിലാണ്. മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയുള്ള കൊട്ടിയൂർ- പാൽചുരം-വയനാട് റോഡിൽ പൊലീസ്, പൊതുമരാമത്ത് അധികൃതർ ജാഗ്രത നിർദേശം നൽകി. കൊട്ടിയൂർ-മാനന്തവാടി റൂട്ടിൽ പാൽചുരത്ത് ചെകുത്താൻ തോടിനു സമീപം വീണ്ടും മണ്ണിടിച്ചിലിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകത്തിെൻറ നേതൃത്വത്തിൽ നാട്ടുകാർ തടസ്സങ്ങൾ നീക്കി. മണ്ണിടിച്ചിലിനെ തുടർന്ന് ഒരു മണിക്കൂർ ഗതാഗതം നിലച്ചു. ചുരം പാതയിൽ വലിയ പാറകൾ ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിലാണ്. നിലവിൽ റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിയുന്നത്. കനത്ത മഴയിൽ ശാന്തിഗിരി-പാലുകാച്ചി റോഡിൽ വൻ മണ്ണിടിച്ചിലുണ്ടായി. ബുധനാഴ്ച പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ചീങ്കണ്ണിപ്പുഴ വെള്ളപ്പൊക്കത്തിൽ ആറളം വന്യജീവി സങ്കേതത്തിെൻറ വളയഞ്ചാൽ ഓഫിസ് പരിസരം വെള്ളത്തിലായി. സമീപത്തെ തൂക്കുപാലത്തിലും വെള്ളം കടന്നു. ബാവലിയും ഇടബാവലിയും ഒന്നായതോടെ കൊട്ടിയൂർ മന്ദം ചേരി കോളനിയിൽ വെള്ളം കയറി. മഴ തുടരുന്ന സാഹചര്യത്തിൽ കോളനിവാസികളുടെ ജീവന് ഭീഷണിയായി. ചുങ്കക്കുന്ന് വെങ്ങലോടിയിൽ പുഴ ഗതിമാറിയതിനെ തുടർന്ന് വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി. സ്വകാര്യ വ്യക്തിയുടെ ഗാരേജിെൻറ പിൻഭാഗം ഒലിച്ചുപോയി. കാളികയം ഭാഗത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ഏക്കർകണക്കിന് കൃഷിയിടങ്ങളിൽ വെള്ളം കയറി. മഴ തുടരുന്നതിനാൽ മലയോരത്തെ ജനങ്ങൾ കടുത്ത ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story