Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 11:36 AM IST Updated On
date_range 2 Aug 2018 11:36 AM ISTകർക്കടകദീനമകറ്റാൻ മാരിത്തെയ്യങ്ങൾ ഇന്ന് നാടു ചുറ്റും
text_fieldsbookmark_border
പഴയങ്ങാടി: കർക്കടകത്തിലെ ദീനങ്ങളും ദാരിദ്ര്യവും ശനിയുമകറ്റാൻ മാരിത്തെയ്യങ്ങൾ ഇന്ന് നാടു ചുറ്റാനിറങ്ങും. കർക്കടകം 16ന് മാടായിക്കാവിൽ കെട്ടിയാടിയതിനുശേഷം കർക്കടകം 17നാണ് മാരിത്തെയ്യങ്ങൾ നാട് ചുറ്റി ആധിയും വ്യാധിയും ശനിയും ദുരിതവും ദീനവും ആവാഹിച്ചെടുത്ത് കടലിലൊഴുക്കി സായൂജ്യമടയുന്നത്. കർക്കടകം 16 ആയ ബുധനാഴ്ച മാടായിക്കാവിൽ പൊള്ളയുടെ നേതൃത്വത്തിൽ കെട്ടിയാടിയ തെയ്യങ്ങൾ ഇന്ന് മാടായി ദേശത്ത് കെട്ടിയാടും. സാധാരണ തെയ്യങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തവും ഉത്തര കേരളത്തിൽതന്നെ അപൂർവമായതുമാണ് മാരിത്തെയ്യങ്ങൾ. പുലയ ജാതിയിലുള്ളവരുടെ കാർമികത്വത്തിൽ മാത്രം കെട്ടിയാടുന്ന മാരിത്തെയ്യങ്ങൾ എണ്ണക്കൂടുതൽകൊണ്ട് ശ്രദ്ധേയമാണ്. ഏഴ് മുതൽ ഒമ്പത് വരെ എണ്ണം തെയ്യങ്ങളാണ് കെട്ടിയാടുന്നത്. തെങ്ങിൻ തിരിയോലകൾകൊണ്ട് കലാപരമായി കെട്ടി അലങ്കരിച്ച്, കുരുത്തോല ഉൗന്നുവടിയാക്കിയാണ് മാരിത്തെയ്യങ്ങൾ ഇറങ്ങുന്നത്. കാക്കകൾ കണ്ണുതുറക്കാത്ത കർക്കടകമാസത്തിലെ ദാരിദ്ര്യവും ശനിയും കർക്കടകദീനങ്ങളായ കുരിപ്പും മാരികുരിപ്പും ഒഴിപ്പിക്കുന്നതിന് ഉയർന്ന ജാതിയിലെ തെയ്യങ്ങൾക്കാവില്ലെന്നും പുലയജാതിയിൽപെട്ടവർക്കാണ് ഇതിനുള്ള അധികാരമെന്ന് പ്രശ്നത്തിൽ തെളിഞ്ഞുവെന്നും തുടർന്നാണ് പുലയസമുദായത്തിൽ പെട്ടവർക്ക് മാത്രം ഇത് കെട്ടിയാടുന്നതിന് അനുമതി ലഭിച്ചതെന്നുമാണ് ഐതിഹ്യം. മാരിത്തെയ്യം, മാമായതെയ്യം, മാരിക്കലച്ചി, മാമായക്കലച്ചി, ഗുളികൻ തുടങ്ങിയ തെയ്യങ്ങളാണ് കെട്ടിയാടുന്നത്. പുലയസാഹിത്യത്തിൽ വാ മൊഴികളായി മാത്രം ലഭ്യമായ പാട്ടുകൾ കിണ്ണവും തുടിയും കൊട്ടിപ്പാടുന്നതനുസരിച്ച് തെയ്യങ്ങൾ ചവിട്ടുന്ന നൃത്തം ആകർഷകമാണ്. കണ്ടത് മുണ്ടണ്ട കേട്ടത് പറയണ്ട കേക്കൊരുദയം തോന്നി പടിഞ്ഞറോരസ്തം താന്നി ആധിയും പോയി വ്യാധിയും പോയി മാരിയും പോയി മാരിക്കുരിപ്പും പോയി തുടങ്ങിയ പുലയസാഹിത്യത്തിലെ പാട്ടുകളാണ് രണ്ടുപേർ ചേർന്ന് കിണ്ണവും തുടിയും കൊട്ടിപ്പാടുന്നത്. പാട്ടിനനുസരിച്ച് നൃത്തം ചവിട്ടുന്ന തെയ്യങ്ങൾ വീടുകളും പശുവിൻ തൊഴുത്തുകളുമടക്കം വലംവെച്ച് ശനിയും ദീനവും പിഴവും ആവാഹിച്ചെടുക്കും. നാടു ചുറ്റുന്ന തെയ്യങ്ങൾ അസ്തമയസമയത്തോടെ കടൽക്കരയിലെത്തുന്നു. പ്രത്യേക പൂജക്കൊടുവിൽ കടൽതീരം വലംവെച്ച് ആവാഹിച്ചെടുത്ത ദീനങ്ങളും ശനിയും കടലിലൊഴുക്കിയാണ് തെയ്യങ്ങൾ സായൂജ്യമടയുന്നത്. ശനിയെ കടലിലൊഴുക്കുന്നത് കാണാൻ കടൽ തീരത്ത് ജാതിമതഭേദമന്യേയുള്ള വൻജനാവലിയാണ് ഓരോ വർഷവും നിലയുറപ്പിക്കുന്നത്. കാഞ്ഞൻ പൂജാരിയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകൾ കെട്ടിയാടിയ മാരിത്തെയ്യങ്ങളുടെ കാർമികത്വം അദ്ദേഹത്തിെൻറ മകൻ കുമാരനിലാണ് ഇപ്പോൾ നിക്ഷിപ്തം. മഹ്മൂദ് വാടിക്കൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story