Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാളികേര കര്‍ഷക സ്വപ്നത്തിന് വിലയില്ല; ചെറുപുഴ പഞ്ചായത്ത് കൊപ്ര ഡ്രയര്‍ യൂനിറ്റ് പാതിവഴിയില്‍ നിലച്ചു
text_fieldsbookmark_border
ചെറുപുഴ: നാളികേര കര്‍ഷകരെ സഹായിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പാടിയോട്ടുചാല്‍ തട്ടുമ്മലില്‍ സ്ഥാപിച്ച കൊപ്ര ഡ്രയര്‍ യൂനിറ്റ് കാടുകയറി നശിക്കുന്നു. നാളികേര വികസന ബോര്‍ഡിെൻറ ധനസഹായത്തോടെ ചെറുപുഴ പഞ്ചായത്ത് നിര്‍മിച്ചതാണ് ആധുനിക സൗകര്യങ്ങളുള്ള ഇൗ യൂനിറ്റ്. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി മാറ്റി വിപണിയിലെത്തിച്ച് കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് 15 ലക്ഷം തനത് ഫണ്ടും നാളികേര വികസന ബോര്‍ഡില്‍നിന്ന് ലഭിച്ച 15 ലക്ഷവും ഉള്‍പ്പെടുത്തി കൊപ്ര ഡ്രയറിനായി കെട്ടിടവും കിണറും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. കെട്ടിട നിർമാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും വയറിങ് പൂര്‍ത്തിയാക്കുകയോ വൈദ്യുതി ലഭ്യമാക്കുകയോ ചെയ്തില്ല. നിര്‍മാണം നടക്കുന്നതിനിടെ കുഴല്‍ക്കിണറിനു വേണ്ടി താൽക്കാലിക കണക്ഷന് എടുത്താണ് വൈദ്യുതി ലഭ്യമാക്കിയത്. ഇവിടെ നിന്ന് കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായില്ല. പഞ്ചായത്തിെൻറ കൈവശമുള്ള 25 സെൻറ് സ്ഥലമാണ് കൊപ്ര ഡ്രയറിനായി മതില് കെട്ടി തിരിച്ചത്. ഇപ്പോള്‍ സ്ഥലവും കെട്ടിടവും കാടുകയറി ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറി. കൊപ്ര ഡ്രയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പമാണ് തുടര്‍ പ്രവര്‍ത്തനത്തിന് തടസ്സമായതെന്നറിയുന്നു. പച്ചത്തേങ്ങ സംഭരണം, ഉണക്കല്‍, കൊപ്രയാക്കിയുള്ള വിപണനം എന്നിവ നേരിട്ടു നടത്തുന്നത് പഞ്ചായത്തിന് വലിയ ബാധ്യത വരുത്തിവെക്കുമെന്ന കണ്ടെത്തലാണ് പദ്ധതിക്ക് തടയിട്ടത്. സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കാമെന്ന ആലോചനയുണ്ടായെങ്കിലും തുടര്‍ ചര്‍ച്ചകളുണ്ടായില്ല. എന്നാല്‍, പഞ്ചായത്ത് പരിധിയില്‍ തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നാളികേര കര്‍ഷക സംഘങ്ങള്‍ നിരവധിയുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ള നീക്കങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. നിലവില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് പഞ്ചായത്ത് ഭരണംതന്നെ പ്രതിസന്ധിയിലായിരിക്കുന്ന ചെറുപുഴയില്‍ ഇത്തരം നവീന സംരംഭങ്ങളുടെ ഭാവിയും തുലാസിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story