Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:53 AM IST Updated On
date_range 30 Oct 2017 10:53 AM ISTകുലത്തൊഴില്‍ ജീവിതമാർഗമാക്കി തൊണ്ണൂറിലും വെളുത്തന്‍
text_fieldsbookmark_border
ചെറുപുഴ: പരമ്പരാഗതമായി പഠിച്ച കൈത്തൊഴിലില്‍നിന്ന് 90ാം വയസ്സിലും ജീവിതമാർഗം കണ്ടെത്തുകയാണ് രാജഗിരി ഇടക്കോളനിയിലെ വെളുത്തന്‍ എന്ന ആദിവാസി. ചെറുപുഴ പഞ്ചായത്തിലെ ഏറ്റവും അവികസിതമായ കോളനിയാണ് ഇടക്കോളനി. കാര്യങ്കോട് പുഴയും കര്‍ണാടക വനവും അതിരിടുന്ന ഇടക്കോളനിയിലെ 14 കുടുംബങ്ങളിലൊന്നാണ് വെളുത്തേൻറത്. കുട്ടനെയ്ത്താണ് കുലത്തൊഴില്‍. മാതാപിതാക്കളില്‍ നിന്ന് ബാല്യത്തില്‍ തന്നെ പഠിച്ചെടുത്ത തൊഴില്‍ ഇപ്പോഴും തുടരുന്നു. പുഴയോരത്തുനിന്നും ഈറ്റ വെട്ടിയെടുത്ത് മുറവും പല വലുപ്പത്തിലുള്ള കുട്ടകളും ടാപ്പിങ് തൊഴിലാളികള്‍ക്കുള്ള കൂടയും ഉണ്ടാക്കും. പുളിങ്ങോത്തും ചെറുപുഴയിലും ചിറ്റാരിക്കാലിലുമുള്ള കടകളിലാണ് വില്‍പന. മലയോരത്തെ കര്‍ഷക കുടുംബങ്ങളില്‍ ഇപ്പോഴും ഈറ്റക്കുട്ടകള്‍ക്കും മുറത്തിനും പ്രാധാന്യമുണ്ട്. മലയോരത്തെ പുതുതലമുറയിലെ ആദിവാസി യുവാക്കള്‍ ഈ രംഗത്തേക്ക് വരാത്തതിനാല്‍ വെളുത്തെൻറ കുട്ടകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. ഇവ സ്ഥിരമായി വാങ്ങി വില്‍പന നടത്തുന്ന കച്ചവടക്കാരുണ്ട്. കൂടുതല്‍ ഓര്‍ഡറുണ്ടായാല്‍ കച്ചവടക്കാര്‍ മുന്‍കൂട്ടി വെളുത്തനെ അറിയിക്കും. നിശ്ചിത വിലയിട്ടല്ല കൊടുക്കുന്നതെങ്കിലും കച്ചവടക്കാര്‍ അധ്വാനമറിഞ്ഞ് പ്രതിഫലം നല്‍കാറുണ്ടെന്ന് വെളുത്തന്‍ പറയുന്നു. മഴക്കാലത്ത് മുളപ്പാലത്തിലൂടെ പുഴ കടന്നാണ് കോളനിയിലെ മറ്റുള്ളവരെ പോലെ വെളുത്തനും കുട്ടകളുമായി മറുകരയെത്തുന്നത്. അതുകൊണ്ട് മഴക്കാലമായാല്‍ മാസത്തിലൊരിക്കല്‍ മാത്രമാണ് കുട്ട വില്‍ക്കാനിറങ്ങുക. കുട്ടനെയ്യാനുള്ള ഈറ്റക്ഷാമവും വര്‍ധിച്ചുവരുന്നുണ്ട്. കര്‍ണാടക വനത്തില്‍ ഈറ്റക്കാടുകളുണ്ടെങ്കിലും ആനശല്യമുള്ള പ്രദേശമായതിനാല്‍ വനത്തിനുള്ളിലേക്ക് കടന്ന് ഈറ്റ വെട്ടാന്‍ കഴിയാറുമില്ല. ഇത്തരം പ്രതിസന്ധികളുണ്ടെങ്കിലും ഭാര്യയും കൂലിവേലക്കാരനായ മകനും പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തിന് ചെറിയൊരു കൈത്താങ്ങാവാന്‍ തെൻറ തൊഴിലിന് കഴിയുന്നുണ്ടെന്ന ആശ്വാസത്തിലാണ് വെളുത്തൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story