Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:00 AM IST Updated On
date_range 20 Oct 2017 11:00 AM ISTവിടവാങ്ങിയത് സി.പി.എമ്മിലെ സൗമ്യസാന്നിധ്യം
text_fieldsbookmark_border
പയ്യന്നൂർ: ആലപ്പുഴ ജില്ലയിലെ നൂറനാടുനിന്ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെത്തി നാടിെൻറ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ ജി.ഡി. മാഷ് കമ്യൂണിസ്റ്റ് നേതൃനിരയിലെ സൗമ്യസാന്നിധ്യമായിരുന്നു. ആരോടും കടുത്ത ഭാഷയിൽ സംസാരിക്കാനറിയാത്ത അദ്ദേഹത്തിെൻറ സാത്വികസ്വഭാവം എതിരാളികളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. അഞ്ചു വർഷം പയ്യന്നൂർ നഗരസഭാ ചെയർമാനായപ്പോഴും മാഷിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിെൻറ പ്രകടനങ്ങൾ ഫലം കാണാതെപോയി. എല്ലാ വിമർ ശനങ്ങളെയും സ്വതസിദ്ധമായ ചെറുമന്ദഹാസത്തോടെ അദ്ദേഹം നേരിട്ടു. പുതിയ ബസ്സ്റ്റാൻഡ് നിർമാണത്തിന് സ്ഥലംവാങ്ങൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജി. ദാമോദരൻ എന്ന ജി.ഡി നായർ ചെയർമാനായപ്പോഴായിരുന്നു. പയ്യന്നൂർ കുടിവെള്ളപദ്ധതിക്ക് വിത്തിട്ടതും ഈ കാലയളവിൽതന്നെ. ആദ്യം എൽ.ഐ.സി കുടിവെള്ളപദ്ധതിക്കായിരുന്നു അത്. പിന്നീട് യു.ഐ.ഡി.എസ്.എസ്.എം.ടി ആയി മാറുകയായിരുന്നു. കേരളത്തിൽ ആദ്യമായി നാലാം ക്ലാസ് തുല്യത പരീക്ഷക്ക് തുടക്കംകുറിച്ചതും ജി.ഡി. നായർ എന്ന അധ്യാപകൻ ചെയർമാനായ കാലത്തായിരുന്നു. ചെറുപുഴ ജെ.എം.യു.പി സ്കൂളിൽ ട്രെയ്നിങ് ഇല്ലാതെ അധ്യാപകനായായിരുന്നു തുടക്കം. തുടർന്ന് ടി.ടി.സി ട്രെയ്നിങ് കഴിഞ്ഞശേഷം കണ്ടങ്കാളി സ്കൂളിലേക്ക് മാറി. 31 വർഷത്തിലധികം കണ്ടങ്കാളി നഗരസഭ സ്കൂളിൽ അധ്യാപകനായി. നിരവധി ശിഷ്യസമ്പത്തിനുടമയായ അദ്ദേഹത്തിെൻറ അധ്യാപനം ഏറെ ശ്ലാഘനീയമായിരുന്നുവെന്ന് വിദ്യാർഥികൾ ഓർമിക്കുന്നു. നല്ല കമ്യൂണിസ്റ്റ് ആകുക എന്നതിനൊപ്പം വിജ്ഞാനദാഹിയായ പൊതുപ്രവർത്തകനാകുക എന്നതും അദ്ദേഹം പ്രവൃത്തിപഥത്തിലെത്തിച്ചു. മലബാറിലെ ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിെൻറ ചരിത്രം, അധ്യാപകപ്രസ്ഥാനത്തിെൻറ ചരിത്രം, പയ്യന്നൂർ ചരിത്രവും സമൂഹവും, പി. കണ്ണൻ നായരുടെ ജീവചരിത്രം, കുട്ടികൾക്കുവേണ്ടി എഴുതിയ കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം എന്നിവ, നവോത്ഥാന വ്യക്തികൾ, പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യത്തിെൻറ കനൽവഴികൾ തുടങ്ങിയ പുസ്തകങ്ങൾ മാഷിെൻറ പ്രതിഭാസ്പർശത്തെ അടയാളപ്പെടുത്തുന്നവയാണ്. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുള്ള മാഷ് അവസാനമായി ഒരു മാസികയിൽ എഴുതിയത് 'മൂലധനത്തിെൻറ ഒന്നര നൂറ്റാണ്ട്' എന്ന ഏറെ വിജ്ഞാനപ്രദമായ ഉപന്യാസമായിരുന്നു. പാർട്ടി സമ്മേളനത്തിരക്കുകാരണം ലേഖനം വന്ന മാസിക കാണാതെയാണ് യാത്രയായത്. ഗ്രന്ഥശാലപ്രസ്ഥാനം മാഷിന് ജീവിതത്തിെൻറ ഭാഗമായിരുന്നു. നിരവധി അംഗീകാരങ്ങൾ ഇതുവഴി നേടി. ഇദ്ദേഹം തുടക്കമിട്ട അന്നൂർ വേമ്പു സ്മാരക വായനശാലയുടെ പുരോഗതിക്ക് ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കണ്ടങ്കാളി വായനശാലയുടെ വളർച്ചക്കും ഈ അക്ഷരസ്നേഹിയുടെ കരുതലും കരുത്തുമുണ്ട്. നിരവധി പാർട്ടിയിതര സംഘടനകളുടെ സ്ഥാനങ്ങൾ വഹിക്കുമ്പോഴും കറകളഞ്ഞ പാർട്ടി കൂറാണ് ഇദ്ദേഹത്തിെൻറ മറ്റൊരു പ്രത്യേകത. സി.പി.എമ്മിെൻറയും ബഹുജന സംഘടനകളുടെയും എല്ലാ പരിപാടികളിലും ജി.ഡി. നായരുടെ സാന്നിധ്യമുണ്ടാകും. പദവി ആഗ്രഹിക്കാത്ത അദ്ദേഹത്തെ അവ തേടിയെത്തിക്കൊണ്ടിരുന്നു അന്ത്യകാലംവരെ. റൂറൽ ബാങ്ക്, കൈരളി ഹോട്ടൽ തുടങ്ങിയവയുടെ ഭരണസമിതി പ്രസിഡൻറ് സ്ഥാനവും നഗരസഭ ചെയർമാൻ സ്ഥാനവും ഇതിനുദാഹരണം. മാഷ് ആഗ്രഹിച്ചതുപോലെ ഒടുവിലത്തെ ചടങ്ങ് പാർട്ടി സമ്മേളനമായി എന്നതും യാദൃച്ഛികം. കരിവെള്ളൂർ ലോക്കൽ സമ്മേളനത്തിൽ പതിവുതെറ്റിച്ച് കുറച്ചധികം സംസാരിച്ച മാഷ് രാത്രി പത്തരയോടെയാണ് അന്നൂരിലെ വീട്ടിൽ തിരിച്ചെത്തിയത്. ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കവെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. എല്ലാ ജാതിക്കും മതത്തിനും പ്രത്യേകം ശ്മശാനങ്ങളുണ്ട് പയ്യന്നൂരിൽ. എന്നാൽ, ജാതിമതങ്ങൾക്കതീതമായി എല്ലാവർക്കും അന്ത്യനിദ്രയൊതുക്കാൻ ഒരു സ്ഥലം വേണമെന്നത് മാഷിെൻറ സ്വപ്നമായിരുന്നു. കണ്ടങ്കാളി കുറുങ്കടവിൽ അതിനുള്ള സ്ഥലം ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ കണ്ടെത്തി. ഇവിടെയാണ് മാഷിനും നാട്ടുകാർ അന്ത്യനിദ്രയൊരുക്കിയത്. ബി.ബി.സി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ മാർക്സിെൻറ 'മൂലധനം' രണ്ടാം സഹസ്രാബ്ദത്തിലെ ബെസ്റ്റ് സെല്ലറായി തെരഞ്ഞെടുക്കപ്പെടുകയും മാർക്സ് ഏറ്റവും ഉയർന്നചിന്തകനായി വിലയിരുത്തപ്പെടുകയും ചെയ്തതിനെക്കുറിച്ചാണ് ജി.ഡി. നായർ അവസാനമായി എഴുതിയത്. താൻ ഉയർത്തിപ്പിടിച്ച തത്ത്വശാസ്ത്രത്തിന് അംഗീകാരം ലഭിച്ചതിെൻറ സന്തോഷത്തോടെയാണ് ജി.ഡി. നായർ എന്ന മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് അരങ്ങൊഴിഞ്ഞത് എന്ന് വിശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story