ഒഴിവായത്​ വൻ ദുരന്തം: കരിവെള്ളൂർ പാലത്തരയിൽ ഗ്യാസ് ടാങ്കർ ചോർന്നു

05:32 AM
15/11/2017
പയ്യന്നൂർ: കരിവെള്ളൂർ പാലത്തര ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ചോർന്നു. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് ചോർച്ചയുണ്ടായത്. അഗ്നിശമന സേനയെത്തി ചോർച്ച അടച്ചതിനാൽ ദുരന്തം വഴിമാറി. പാലത്തരയിലെ പഴയ ദേശീയപാതയിൽ നിർത്തിയിട്ട ടാങ്കർ ലോറിയുടെ വാൾവാണ് ലീക്കായത്. വാതകത്തി​െൻറ ഗന്ധം രൂക്ഷമായതോടെ സംഭവസ്ഥലത്തെത്തിയ നാട്ടുകാർ അഗ്നിശമന സേനയിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ സ്റ്റേഷൻ ഓഫിസർ കെ.പി. ബാലകൃഷ്ണൻ, അസി. സ്റ്റേഷൻ ഓഫിസർ കെ.വി. പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേന ടാങ്കറി​െൻറ വാൾവ് അടച്ച് ചോർച്ച തടയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ കെ.പി. ഷൈനി​െൻറ നേതൃത്വത്തിലുള്ള പയ്യന്നൂർ പൊലീസ്, ലോറി ഡ്രൈവർ തേനി സ്വദേശി രാമകൃഷ്ണനെ കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിനും നിയമലംഘനത്തിനും ഇയാളിൽ നിന്ന് 2000 രൂപ പിഴ ഈടാക്കി. ഗ്യാസ് ടാങ്കറിൽ രണ്ട് ഡ്രൈവർമാർ ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ, ചോർച്ചയുണ്ടായ ലോറിയിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഒരു ഡ്രൈവറെക്കൂടി വരുത്തിയ ശേഷമാണ് ലോറി വിട്ടയച്ചത്. മംഗളൂരുവിൽനിന്ന് കോഴിക്കോട് ചേളാരിയിലേക്ക് പോവുകയായിരുന്ന ലോറിയിലാണ് ചോർച്ചയുണ്ടായത്. ഓടിക്കൊണ്ടിരിക്കെ വാൾവ് ഊരിത്തെറിച്ചതായിരിക്കാമെന്നാണ് ഡ്രൈവർ പറയുന്നത്. പതിവായി ഈ റോഡിൽ നിരവധി ടാങ്കർ ലോറികൾ നിർത്തിയിടാറുണ്ട്. ഡ്രൈവർമാർ ഭക്ഷണം പാകം ചെയ്യുന്നതും പതിവാണ്. അതുകൊണ്ട് തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്. അഗ്നിശമന സേനയും പൊലീസുമെത്തി ചോർച്ച തടഞ്ഞതോടെയാണ് നാട്ടുകാരുടെ ഭീതിയകന്നത്. ഇൗ ഭാഗത്ത് ടാങ്കർ നിർത്തിയിടുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
COMMENTS