Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 8:56 AM GMT Updated On
date_range 29 Jun 2017 8:56 AM GMTവിവാദങ്ങൾ ചർച്ച െചയ്യാതെ അമ്മ എക്സിക്യൂട്ടിവ് യോഗം
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലെത്തി നിൽക്കെ പ്രശ്നം ചർച്ച ചെയ്യാതെ താരസംഘടന അമ്മയുടെ എക്സിക്യൂട്ടിവ് യോഗം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാള സിനിമ രണ്ടുതട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന താരസംഘടനയുടെ യോഗം ശ്രദ്ധ നേടിയിരുന്നു. യോഗത്തിൽ വിഷയം ചർച്ചയിൽ വരുമെന്നായിരുന്നു വിവരം. വൈകീട്ട് ഏഴിന് തുടങ്ങാനിരുന്ന എക്സിക്യൂട്ടിവ് യോഗം ഭാരവാഹികൂടിയായ ദിലീപിെൻറ പങ്കാളിത്തം ഉറപ്പ് വരുത്താൻ നീട്ടിവെക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്ന നടൻ ദിലീപ് വന്നശേഷം യോഗം തുടങ്ങാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നതോടെ ദിലീപിെൻറ അഭാവത്തിൽ േയാഗം ഒന്നരമണിക്കൂറോളം വൈകി തുടങ്ങുകയായിരുന്നു. അമ്മ എക്സിക്യൂട്ടിവ് അംഗവും വനിത താരസംഘടന ഭാരവാഹിയുമായ രമ്യ നമ്പീശൻ വിഷയം ഉന്നയിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാൽ, രമ്യ നമ്പീശൻ യോഗത്തിൽ ഹാജരായില്ല. അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പ്രസിഡൻറ് ഇന്നസെൻറ് എക്സിക്യൂട്ടിവ് തുടങ്ങും മുെമ്പ വ്യക്തമാക്കിയിരുന്നു. നിലവിൽ കോടതിയിലുള്ള കേസാണിത്. അതുകൊണ്ടുതന്നെ ഇത് യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. വിഷയം ചർച്ച ചെയ്യണമെന്ന് ഏതെങ്കിലും അംഗം ആവശ്യപ്പെട്ടാൽ മാത്രം ചർച്ച ചെയ്യാമെന്നും ഇന്നസെൻറ് പറഞ്ഞിരുന്നു. ആരും ചർച്ചക്ക് വിഷയം ഉന്നയിക്കാതിരുന്നതിനെത്തുടർന്ന് യോഗത്തിൽ ഇതേക്കുറിച്ച് പരാമർശം ഉണ്ടായില്ല. പ്രസിഡൻറ് ഇന്നസെൻറ്, വൈസ് പ്രസിഡൻറുമാരായ കെ.ബി. ഗണേഷ്കുമാര്‍, മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, സെക്രട്ടറി ഇടവേള ബാബു, മണിയന്‍പിള്ള രാജു, നിവിന്‍ പോളി, സിദ്ദീഖ്, കുക്കു പരമേശ്വരന്‍ എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. നടന്മാരായ പൃഥ്വിരാജ്, മുകേഷ് എന്നിവർ യോഗത്തിനെത്തിയില്ല. വ്യാഴാഴ്ച ജനറൽ ബോഡി യോഗം നടക്കും. എന്നാൽ, ജനറൽ ബോഡിയുടെ അജണ്ടയിലും നടിയുമായി ബന്ധപ്പെട്ട വിഷയം ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ യോഗത്തിൽ ചർച്ചയുണ്ടാകുമെന്നും ഏതെങ്കിലും തരത്തിലുള്ള പ്രതികരണം വിഷയത്തിൽ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അമ്മയുടെ യോഗശേഷം മാക്ട ഫെഡറേഷന്‍ യോഗം വ്യാഴാഴ്ച വീണ്ടും ചേരുമെന്ന് ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു. അതേസമയം, അമ്മയുടെ ജനറല്‍ ബോഡി യോഗത്തിൽ നടി മഞ്ജുവാര്യർ പങ്കെടുക്കില്ല. ഇതുസംബന്ധിച്ച് അമ്മക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Next Story