Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:13 AM GMT Updated On
date_range 24 Jun 2017 9:13 AM GMTതാപനിലയവുമായി അധികൃതർ മുന്നോട്ട്; ആശങ്കയോടെ ചീമേനിക്കാർ
text_fieldsചെറുവത്തൂർ: ചീമേനി താപനിലയം ഉടൻ യാഥാർഥ്യമാക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുനീങ്ങവെ ആശങ്കവിട്ടൊഴിയാതെ ചീമേനി. താപനിലം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച വേവലാതിയാണ് ഇവിടത്തുകാർക്ക്. ഗെയിലിെൻറ സഹകരണത്തോടെ പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടിയിലാണ് അധികൃതർ. 2000ത്തിലാണ് ചീമേനിയിൽ താപനിലയം അനുവദിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ താപനിലയ പദ്ധതിയാക്കി ചീമേനിയെ മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. ഇതിനായി 1621 ഏക്കർ ഭൂമി പ്ലാേൻറഷൻ കോർപറേഷനിൽനിന്ന് ഏറ്റെടുത്തിരുന്നു. എന്നാൽ, ജനകീയപ്രക്ഷോഭത്തെ തുടർന്ന് താപനിലയം നിർമാണം നിർത്തിവെക്കുകയായിരുന്നു. 2000 മെഗാവാട്ടിെൻറ വൈദ്യുതിനിലയമാണ് ചീമേനിയിൽ നിർമിക്കുന്നത്. ജനങ്ങളുടെ ആശങ്കകളകറ്റി പ്രകൃതിവാതകം അടിസ്ഥാനമാക്കി ഗെയിലിെൻറ സഹകരണത്തോടെ മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. രണ്ടു വർഷം മുമ്പുതന്നെ മംഗളൂരുവിലെ ഗെയിൽ പ്രകൃതിവാതകക്കുഴൽ ചീമേനിയിലെ നിർദിഷ്ട വൈദ്യുതിനിലയ മേഖലയിലൂടെ സ്ഥാപിച്ചുകഴിഞ്ഞു. 18 വർഷം മുമ്പുതന്നെ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ കയ്യൂര്‍ ചീമേനിയില്‍ വാതകാധിഷ്ഠിത വൈദ്യുതിപദ്ധതി ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. 4756.37 കോടി രൂപ ചെലവ് കണക്കാക്കിയാണ് പദ്ധതി ആരംഭിക്കാനുള്ള പ്രാഥമിക നീക്കങ്ങള്‍ നടത്തിയത്. പദ്ധതിക്ക് ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തു പ്രകൃതിവാതകമാണെന്നും വ്യക്തമാക്കി. എന്നാല്‍, കല്‍ക്കരി താപനിലയം ചീമേനിയില്‍ ആരംഭിക്കാനുള്ള നീക്കങ്ങളാണ് നടന്നത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വിള്ളലേൽപിക്കുന്ന കല്‍ക്കരി താപനിലയം സ്ഥാപിക്കുമ്പോഴുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് പഞ്ചായത്തും എം.എൽ.എയും വ്യവസായ വികസന കോര്‍പറേഷെൻറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. കല്‍ക്കരി പ്ലാൻറ് ഉണ്ടാക്കാവുന്ന ദോഷങ്ങളെക്കുറിച്ചും വാതകാധിഷ്ഠിത പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ആശങ്കകളും ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് പ്രസിഡൻറ് ജില്ല കലക്ടര്‍ മുഖേന മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. എന്നാല്‍, തുടര്‍പഠനം നടത്താനോ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിച്ച് വാതകാധിഷ്ഠിത ഊര്‍ജോൽപാദനം നടത്താനോ ഉള്ള ഒരു നടപടിയും സ്വീകരിക്കാതെ പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനം കൈക്കൊണ്ടപ്പോഴാണ് ജനം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ആശങ്കകളകറ്റിയാൽ മാത്രമേ വൈദ്യുതി നിലയവുമായി സഹകരിക്കൂ എന്നതാണ് നാട്ടുകാരുടെ അഭിപ്രായം.
Next Story