Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:13 AM GMT Updated On
date_range 24 Jun 2017 9:13 AM GMTവ്യാജ ഗസറ്റ് രേഖയുണ്ടാക്കി തട്ടിപ്പിന് ശ്രമമെന്ന് പരാതി
text_fieldsകാസർകോട്: പാസ്പോർട്ടിലെ തെറ്റായപേര് തിരുത്താൻ ഏജൻസി വ്യാജ വിജ്ഞാപനം ഗസറ്റിൽ തിരുകിക്കയറ്റി തട്ടിപ്പ്് നടത്തിയതായി പരാതി. പേര് തിരുത്താൻ ഏജൻസിയെ ഏൽപിച്ച അപേക്ഷകതന്നെയാണ് ഗസറ്റ് വ്യാജമെന്ന് തോന്നിയതിനെ തുടർന്ന് കണ്ണൂർ ജില്ല ഫോംസ് ഒാഫിസ് സൂപ്രണ്ടിനെ സമീപിച്ചത്. സംശയം ന്യായമെന്ന് തോന്നിയ സൂപ്രണ്ട് പ്രിൻറിങ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. നീലേശ്വരത്തെ സ്ത്രീക്ക് വിദേശത്തുള്ള മകളുടെ അടുത്തേക്ക് പോകുന്നതിന് പാസ്പോർട്ട് ശരിയാക്കാൻ പാസ്പോർട്ട് ഒാഫിസിൽ ചെന്നപ്പോൾ പേരിൽ തെറ്റുകൾ കണ്ടെത്തി. തുടർന്ന് തെറ്റ് തിരുത്തി ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് കണ്ണൂർ ഗവൺമെൻറ് പ്രസിൽ പോയി അപേക്ഷ വാങ്ങി. നീലേശ്വരം പാലത്തിനടുത്തുള്ള സ്വകാര്യ സർവിസ് ഏജൻസിയിൽ പൂരിപ്പിക്കാനും തുടർ നടപടിയെടുക്കാനും ഏൽപിച്ചു. ഏജൻസി സ്ത്രീയോട് പണംവാങ്ങി ഗസറ്റിെൻറ വ്യാജ പേജ് ഉണ്ടാക്കി. അതിൽ നാലു വിജ്ഞാപനങ്ങളിൽ ഒന്ന് എടുത്തുമാറ്റി ഇവരുടെ പേര് തിരുത്തിയതായി ചേർക്കുകയായിരുന്നു. സർക്കാറിെൻറ യഥാർഥ ഗസറ്റിൽ നമ്പർ 49 ആയി ചേർത്തുെവച്ച് സ്ത്രീക്ക് നൽകി. പേജുകളുടെ വ്യത്യാസത്തിൽ സംശയംതോന്നിയ അപേക്ഷക ഗസറ്റുമായി കണ്ണൂർ ജില്ല ഫോംസ് ഒാഫിസിൽ ചെന്നു. മറ്റൊരു ഗസറ്റുമായി ഒത്തുനോക്കിയപ്പോൾ സ്ത്രീയുടെ തിരുത്തിയ പേര് കാണുന്നില്ല. ഇതിൽ സംശയമുണ്ടെന്നും പ്രിൻറിങ് ഡയറക്ടറേറ്റിലേക്ക് റിപ്പോർട്ട് ചെയ്ത് ഉറപ്പുവരുത്തണമെന്നും കണ്ണൂർ ജില്ല ഫോംസ് ഒാഫിസർ സി.ജെ. ജോസഫ് അറിയിച്ചു. തട്ടിപ്പുണ്ടെന്ന് ഉറപ്പുവരുത്തിയാൽ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് സൂപ്രണ്ട് സി.ജെ. ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
Next Story