Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:59 AM GMT Updated On
date_range 24 Jun 2017 8:59 AM GMTനീറ്റ് ഫലം വന്നിട്ടും സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയം അനിശ്ചിതത്വത്തിൽ
text_fields* ഫീസ് നിർണയം ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് വിട്ടിരുന്നു തിരുവനന്തപുരം: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടും സംസ്ഥാനെത്ത സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളിലെ ഫീസ് നിർണയം അനിശ്ചിതത്വത്തിൽ. സ്വാശ്രയ കോളജുകളുമായി രണ്ടുതവണ ചര്‍ച്ച നടത്തിയെങ്കിലും ഫീസ് സംബന്ധിച്ച് ധാരണയുണ്ടാക്കാനായിട്ടില്ല. തുടര്‍ന്ന് കോളജുകളുടെ വരവ് ചെലവ് കണക്ക് പരിശോധിച്ച് ഫീസ് നിര്‍ണയിക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഫീസ് നിർണയത്തിനായി ഇതുവരെ കമ്മിറ്റിയുടെ യോഗം ചേർന്നിട്ടില്ല. ഒട്ടുമിക്ക കോളജുകളും വരവ് ചെലവ് കണക്കുകൾ കമ്മിറ്റിക്ക് കൈമാറിയിട്ടുമുണ്ട്. നേരത്തേ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷൻ മുന്നോട്ടുവെച്ച ഫീസ് ഘടന സർക്കാർ അംഗീകരിച്ചിട്ടില്ല. എം.ബി.ബി.എസിന് 85 ശതമാനം സീറ്റുകളിലേക്ക് 15 ലക്ഷം രൂപയും എൻ.ആർ.െഎ സീറ്റിലേക്ക് 20 ലക്ഷം രൂപയുമാണ് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഇവർ ആവശ്യപ്പെട്ടത്. ക്രിസ്ത്യൻ െമഡിക്കൽ കോളജുകളിലേക്കുള്ള ഫീസ് ഘടനയിലും ഇതുവരെ തീരുമാനമായിട്ടില്ല. ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷൻ 85 ശതമാനം സീറ്റിൽ വാർഷിക ഫീസ് ഏഴു ലക്ഷം രൂപയും 15 ശതമാനം വരുന്ന എൻ.ആർ.ഐ സീറ്റിൽ 15 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം ഒരു ബാച്ചിന് 85 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷൻ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർതലത്തിൽ കൂടുതൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നായിരുന്നു മന്ത്രി ഭാരവാഹികളെ അറിയിച്ചത്. ഇതുവരെയും സർക്കാർ തീരുമാനം അറിയിച്ചിട്ടില്ലെന്ന് ചർച്ചയിൽ അസോസിയേഷനെ പ്രതിനിധീകരിച്ച ഇഗ്നേഷ്യസ് പറയുന്നു. ഫീസ് നിർണയം വൈകിയാൽ സംസ്ഥാനത്തെ വിദ്യാർഥി പ്രവേശനത്തെയും പ്രതികൂലമായി ബാധിക്കും. നീറ്റ് ഫലത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്ത് മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനായി അപേക്ഷിച്ചവരെ ഉൾപ്പെടുത്തി കേരള റാങ്ക് പട്ടിക പ്രത്യേകം തയാറാക്കണം. ഇതിനായി വിദ്യാർഥികൾ നീറ്റ് സ്കോർ പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഇതുകൂടി പരിഗണിച്ച് പ്രവേശനപരീക്ഷാ കമീഷണറേറ്റ് റാങ്ക് പട്ടിക തയാറാക്കും. തുടർന്ന് റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരിൽനിന്ന് ഒാപ്ഷൻ ക്ഷണിച്ചുവേണം അലോട്ട്മെൻറ് നടപടികളിലേക്ക് കടക്കാൻ. സുപ്രീംകോടതി നിർദേശപ്രകാരം ആഗസ്റ്റ് 31നകം പ്രവേശനം അവസാനിപ്പിക്കണം. ഇതിനനുസൃതമായി പ്രവേശന പരീക്ഷാ കമീഷണറേറ്റ് അലോട്ട്മെൻറിനായുള്ള സാധ്യതാ ഷെഡ്യൂളും തയാറാക്കിയിട്ടുണ്ട്. ഫീസ് നിർണയ നടപടികൾ വൈകിയാൽ പ്രവേശന ഷെഡ്യൂൾ തകിടംമറിയും.
Next Story