Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:18 AM GMT Updated On
date_range 20 Jun 2017 9:18 AM GMTരാജമ്മ മുത്തശ്ശിക്ക് വായന ആചരണമല്ല; ദിനചര്യയാണ്
text_fieldsകാസർകോട്: രാജമ്മ മുത്തശ്ശിക്ക് വായന ദിനാചരണത്തിനുള്ളതല്ല. ദിനചര്യയുടെ ഭാഗംതന്നെയാണ്. പ്രായം 80നടുത്തെത്തിയെങ്കിലും ഇവർക്ക് ഇന്നും കൂട്ട് അക്ഷരങ്ങളാണ്. പുസ്തകങ്ങളോ ആഴ്ചപ്പതിപ്പുകളോ കുട്ടികളുടെ മാസികകളോ എന്തായാലും കൈയിൽ കിട്ടിയതെന്തും ഒരക്ഷരം പോലും വിട്ടുപോകാതെ വായിക്കും. ''എനിക്കെല്ലാം വായിക്കുന്നത് ഇഷ്ടമാ... ഞാൻ കളരിയിൽ പഠിക്കുമ്പം തൊട്ട് കൈയിൽ കിട്ടുന്നതൊക്കെ വായിക്കുന്നതാ.. കളരിയിലാണ് ആദ്യം പഠിച്ചത്. അതുകഴിഞ്ഞ് ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുചെന്നപ്പോൾ...രണ്ടാം ക്ലാസിലാക്കി. അഞ്ച് കഴിഞ്ഞ് ഇംഗ്ലീഷ് തേർഡ് വരെ പഠിച്ചു...അപ്പോഴേക്കും കല്യാണം കഴിഞ്ഞു, ഹിന്ദിയും കുറേശെ അറിയാം...'' വീട്ടിൽ വരുത്തുന്ന പത്രം വായിച്ചുകഴിഞ്ഞാൽ അടുത്തവീട്ടിലെ പത്രവും വായിച്ചാലേ തൃപ്തിയുള്ളൂ. മലയാളത്തിലെ ആഴ്ചപ്പതിപ്പുകളൊക്കെ അവ ഇറങ്ങുന്ന ദിവസം രാവിലെ തന്നെ മുത്തശ്ശി കാലുവേദന വകവെക്കാതെ ടൗണിലേക്ക് പോയി വാങ്ങിക്കും. ആഴ്ചപ്പതിപ്പുകൾ കൈയിൽ കിട്ടിയാലുടൻ ആർത്തിയോടെ വായിക്കുന്ന ഇവരെ ചിലപ്പോൾ കടക്കാർ കളിയാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും കാര്യമാക്കാറില്ല. അവ വായിച്ചുതീരുേമ്പാഴേക്കും അടുത്ത വീടുകളിൽ നിന്ന് പുസ്തകങ്ങളും മാസികകളും കൈയിലെത്തും. കഥകളും വാർത്തകളിലെ വിവരങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കും. കോട്ടയം മണിമലയിൽ പൊട്ടംപ്ലാക്കൽ നാരായണൻ നായരുടെ മകളായി ജനിച്ച പി.എൻ. രാജമ്മ കണ്ണൂർ ജില്ലയിലെ ആലക്കോട്ടാണ് ഏറെക്കാലം ജീവിച്ചത്. ഭർത്താവിെൻറ മരണശേഷം, പൊലീസ് ഉദ്യോഗസ്ഥനായ മകൻ രാധാകൃഷ്ണെൻറ കുടുംബത്തോടൊപ്പം കാഞ്ഞങ്ങാട്ട് പുതിയ കോട്ടയിലാണ് ഇപ്പോൾ താമസം. ഇടക്കിടെ വരാറുള്ള കാലുേവദനയും അൽപം കേൾവിക്കുറവുമുണ്ടെന്നതല്ലാതെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. വായനയാണ് തെൻറ ആരോഗ്യരഹസ്യമെന്ന് രാജമ്മ മുത്തശ്ശി പറയുന്നു.
Next Story