Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:00 AM GMT Updated On
date_range 17 Jun 2017 9:00 AM GMTപ്രിയപ്പെട്ട മുഖ്യമന്ത്രീ, കത്ത് കിട്ടി... ഇസ്സത്തുലിലെ കുട്ടികളുടെ മറുപടി പോസ്റ്റ് ഓഫിസിലൂടെ
text_fieldsചെറുവത്തൂര്‍: പരിസ്ഥിതിസ്നേഹവും സംരക്ഷണവും ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്ത് കുട്ടികള്‍ ആഹ്ലാദത്തോടെ ഏറ്റുവാങ്ങി. മുഖ്യമന്ത്രിക്കുള്ള മറുപടിക്കത്തുകള്‍ ഇസ്സത്തുലിലെ കുട്ടികള്‍ സ്വന്തം പോസ്റ്റ് ഒാഫിസിലൂടെ അയച്ചുതുടങ്ങി. കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എൽ.പി സ്കൂളില്‍ ആരംഭിച്ച പോസ്റ്റ് ഒാഫിസിെൻറ രണ്ടാം പിറന്നാള്‍ദിനം കത്തിലൂടെ മുഖ്യമന്ത്രിക്കുള്ള സ്നേഹമറിയിച്ച് കുട്ടികള്‍ ആഘോഷമാക്കി. വെള്ളിയാഴ്ച രാവിലെ പ്രത്യേക അസംബ്ലി ചേര്‍ന്ന് മുഖ്യമന്ത്രി നൽകിയ കത്തുകളും നെയിംസ്ലിപ്പുകളും കുട്ടികള്‍ക്ക് കൈമാറി. മൂന്ന്, നാല് ക്ലാസുകളില്‍ മറുപടിക്കത്തെഴുത്ത് പഠനപ്രവര്‍ത്തനമായി മാറി. കുട്ടികള്‍ തയാറാക്കിയ കത്തുകള്‍ വിദ്യാലയത്തിലെ പോസ്റ്റ് പെട്ടിയില്‍ നിക്ഷേപിച്ചു. തെരെഞ്ഞടുക്കപ്പെടുന്ന കത്തുകള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് അയക്കും. മികച്ച കത്തുകള്‍ തെരഞ്ഞെടുത്ത് സ്കൂള്‍ തലത്തിൽ സമ്മാനമേര്‍പ്പെടുത്തിയിട്ടുണ്ട്. കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ചേര്‍ന്ന് അനുഗ്രഹിച്ച സുന്ദരമായ നമ്മുടെ കേരളം കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയിരിക്കും എന്ന ചോദ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ കത്ത് ആരംഭിക്കുന്നത്. മരങ്ങള്‍ െവച്ചുപിടിപ്പിക്കേണ്ടതിെൻറ ആവശ്യകത, ജലസംരക്ഷണത്തിെൻറയും വിഷരഹിത പച്ചക്കറികള്‍ ഉൽപാദിപ്പിക്കേണ്ടതിെൻറയും പ്രാധാന്യം എന്നിവയെല്ലാം മുഖ്യമന്ത്രി കത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. മരം നട്ട അനുഭവങ്ങളും ഏറ്റെടുത്ത ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ മറുപടിക്കത്തില്‍ കുറിച്ചിട്ടുണ്ട്. പ്രകൃതിയെ കാക്കുമെന്ന ഉറപ്പുനല്‍കിയാണ് കുട്ടികളുടെ കത്തുകള്‍ അവസാനിക്കുന്നത്. ഓണം, പെരുന്നാള്‍, ക്രിസ്മസ്, സ്വാതന്ത്ര്യദിനം പോലുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട ആശംസകാര്‍ഡുകളുടെ കൈമാറ്റം, മൂന്ന്, നാല് ക്ലാസുകളിലെ കത്തെഴുത്ത് എന്നീ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കത്തുകളുടെ കൈമാറ്റം എന്നിവയാണ് പോസ്റ്റ്ഓഫിസിലൂടെ നടന്നുവരുന്നത്. അസംബ്ലിയില്‍ പ്രധാനാധ്യാപിക സി.എം. മീനാകുമാരി സന്ദേശം നല്കി.
Next Story