Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:00 AM GMT Updated On
date_range 17 Jun 2017 9:00 AM GMTമിഥുനം പിറന്നപ്പോൾ ഞാറ്റുവേല തിരക്ക്
text_fieldsപഴയങ്ങാടി: ഇടവപ്പാതി സമയത്ത് നടക്കേണ്ട നെൽവയലുകളിലെ ഞാറ്റുവേല ആവശ്യത്തിനുള്ള മഴ ലഭിക്കാത്തതിനാൽ മിഥുന മാസത്തിലായി. ഏതാനും ദിവസങ്ങളായി മോശമല്ലാത്ത രീതിയിൽ മഴ ലഭിച്ചതോടെയാണ് വയലുകളിൽ ഞാറുനടീൽ സജീവമായത്. കണ്ണൂർ ജില്ലയുടെ നെല്ലറയായ ഏഴോം പഞ്ചായത്തിലെ ഏഴോം നരിക്കോട് വയലുകളിലും ചെറുതാഴം വയലുകളിലുമാണ് ഞാറ്റുവേല തകൃതിയായി നടക്കുന്നത്. ഇടവപ്പാതിയിൽ ആവശ്യത്തിനുള്ള മഴ ലഭിക്കാത്തത് ഏഴോം പഞ്ചായത്തിലെ കര, കൈപ്പാട് കൃഷികളെ പ്രതികൂലമായി ബാധിച്ചു. കൈപ്പാട് കൃഷിക്കായി പൊറ്റ കൂട്ടിയ മേഖലയിൽ ഇടവപ്പാതിയിൽ തിമിർത്തു പെയ്യുന്ന മഴയിൽ കടുത്ത ഉപ്പിെൻറ സാന്നിധ്യം നഷ്ടപ്പെട്ടാലാണ് വിത്തിടുന്നത്. എന്നാൽ, ഇടവപ്പാതി ചതിച്ചതോടെ കൈപ്പാടിലെ വിവിധ മേഖലകളിൽ വിത്തിടുന്നതിനുപകരം കരയിൽ വിത്തിട്ട് കൈപ്പാടുകളിൽ പറിച്ചുനടുന്ന രീതിയും കർഷകർ പരീക്ഷിക്കുകയാണ്. കരക്കും കൈപ്പാടിനും നടാൻ പാകത്തിൽ വർധിച്ച തോതിലാണ് ഒട്ടുമിക്ക പാടങ്ങളിലും വിത്തിട്ടിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം പരമ്പരാഗത വിത്തുകൾക്ക് വിനയാകുന്നതിനാൽ കരക്കും കൈപ്പാടിനും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഏഴോം 1,2,3,4 വിത്തുകളാണ് ഏഴോം പാടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത്. ഉഴുതുമറിക്കുന്നതിനും മെതിക്കുന്നതിനുമൊക്കെ യന്ത്രസഹായം ആശ്രയിക്കാമെങ്കിലും ഞാറ്റുവേലക്ക് മനുഷ്യാധ്വാനം മാത്രമാണാശ്രയം. ഈ രംഗത്ത് സ്ത്രീ തൊഴിലാളികളാണ് പരമ്പരാഗതമായി പണിയെടുക്കുന്നത്. ഞാറ്റുവേലക്ക് ആവശ്യമായ തൊഴിലാളികളെ ലഭിക്കാത്തതാണ് പലരെയും നെൽകൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നത്. രണ്ടും മൂന്നും ആഴ്ചകൾകൊണ്ട് ഞാറ്റുവേല തീർന്നാൽ തൊഴിലാളികൾക്ക് മുതലാളിമാർ ചക്കരച്ചോർ വെച്ചു വിളമ്പിയിരുന്ന പോയകാലം വൃദ്ധരായ സ്ത്രീ തൊഴിലാളികൾ ഓർത്തെടുക്കുന്നു. ഞാറ്റുവേല കഴിയുന്നതോടെയാണ് കർഷക മനസ്സുകൾക്ക് സമാധാനം കൈവരുന്നത്.
Next Story