Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2017 7:10 PM IST Updated On
date_range 3 Jun 2017 7:10 PM ISTആൻമരിയയുടെ മരണം: കുറ്റപത്രം സമർപ്പിച്ചു
text_fieldsbookmark_border
ശ്രീകണ്ഠപുരം: കോളജ് വിദ്യാർഥിനിയായ നവവധു വിഷംകഴിച്ചു ജീവനൊടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. പയ്യാവൂർ പൈസക്കരി േദവമാത കോളജ് ഒന്നാംവർഷ ബി.ബി.എ വിദ്യാർഥിനിയും നിടുവാലൂരിലെ പുത്തൻപുരക്കൽ ആനി-ഷൈജു ദമ്പതികളുടെ മകളുമായ ആൻമരിയ (18) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിലാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി വേണുഗോപാലാണ് 130 പേജ് കുറ്റപത്രം തളിപ്പറമ്പ് കോടതി മുമ്പാകെ കഴിഞ്ഞ ദിവസം സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വിഷം അകത്തുചെന്ന് അവശനിലയിൽ കാണപ്പെട്ട ആൻമരിയയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഏരുവേശ്ശി പൂപ്പറമ്പിലെ ഭർതൃവീട്ടിൽവെച്ചാണ് വിഷം കഴിച്ചത്. ഫെബ്രുവരി അഞ്ചിന് രാത്രിയോടെ ആൻമരിയ മരിച്ചു. സംഭവത്തിൽ ആൻമരിയയുടെ ഭർത്താവ് പൂപ്പറമ്പിലെ സ്വകാര്യ ബസ് ഡ്രൈവർ പള്ളിയാൻ സോബിൻ (28), പിതാവ് ശ്രീകണ്ഠപുരത്തെ ഒാേട്ടാ ഡ്രൈവർ ആൻറണി (58), മാതാവ് മേരി (52) എന്നിവർക്കെതിരായ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ആൻമരിയയുടെ മരണത്തിനു നാലുമാസം മുമ്പാണ് സോബിനുമായുള്ള പ്രണയവിവാഹം നടന്നത്. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ നടന്ന വിവാഹമായതിനാൽ സോബിെൻറയും വീട്ടുകാരുടെയും പീഡനകഥകൾ സ്വന്തം വീട്ടുകാരുമായി പങ്കുവെക്കാൻ ആൻമരിയക്ക് സാധിച്ചിരുന്നില്ല. വിവാഹശേഷം സ്വന്തം വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന ആൻമരിയ ഒേട്ടറെ പീഡനങ്ങൾ സഹിച്ചാണ് ഭർതൃവീട്ടിൽ കഴിഞ്ഞിരുന്നത്. വിവാഹശേഷവും പഠിക്കാൻ പോയിരുന്ന ആൻമരിയയെ ഭർത്താവിനും വീട്ടുകാർക്കും സംശയമായിരുന്നുവെന്നതാണത്രെ പീഡനത്തിലേക്കു വഴിതുറന്നത്. ഒടുവിൽ അത് മരണത്തിലും എത്തിച്ചേർന്നു. ആദ്യം കുടിയാന്മല പൊലീസാണ് കേസന്വേഷിച്ചതെങ്കിലും മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാനും കുറ്റക്കാരായവരെ പിടികൂടാനും കഴിഞ്ഞിരുന്നില്ല. തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെയും ഭർതൃമാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. മാനസികപീഡനവും ശാരീരിക പീഡനവും നിരന്തരമായതോടെയാണ് ആൻമരിയ മരണത്തിലേക്കുപോയതെന്നും കണ്ടെത്തി. സാഹചര്യ തെളിവുകൾ, ആൻമരിയയുടെ കൂട്ടുകാരികളുടെയും കോളജ് അധ്യാപകരുടെയും അയൽവാസികളുടെയും മൊഴികൾ, ആത്മഹത്യ കുറിപ്പുകൾ, ആൻമരിയ എഴുതിയ കത്തുകൾ, ഡയറിക്കുറിപ്പുകൾ, ഫോൺകോളുകൾ, ഡോക്ടറുടെ സർട്ടിഫിക്കറ്റ് തുടങ്ങിയ തെളിവുകൾ ഉൾപ്പെടെ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story