Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:29 AM GMT Updated On
date_range 26 July 2017 10:29 AM GMTമറിയക്കുട്ടി വധക്കേസ് അന്വേഷണത്തിന് വീണ്ടും പുതിയ സംഘം
text_fieldsചെറുപുഴ: ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി (72) വധക്കേസ് അന്വേഷണത്തിന് പുതിയ സംഘമെത്തി. ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവ്, ഡിവൈ.എസ്.പി യു. പ്രേമന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയതായി കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കാക്കയംചാലിലെത്തിയ സംഘം സംഭവം നടന്ന വീടും പരിസരവും പരിശോധിച്ചു. മറിയക്കുട്ടിയുടെ മക്കളില്‍നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. മറിയക്കുട്ടി കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം പതിനഞ്ചോളം ഡിവൈ.എസ്.പിമാര്‍ കേസിെൻറ അന്വേഷണ ചുമതലയിലെത്തിയിട്ടുണ്ട്. ലോക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി ഏഴുമാസത്തിനുശേഷം അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് പലതവണ ഹൈകോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് തറവാട്ട് വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന മറിയക്കുട്ടിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നത്തെ പയ്യന്നൂര്‍ സി.ഐ ധനഞ്ജയബാബുവിെൻറ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. മോഷണ ശ്രമത്തിനിടയില്‍ നടന്ന കൊലപാതകമെന്ന നിലയിലാണ് അന്വേഷണം തുടങ്ങിയത്. മലയോരത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ഏഴുമാസത്തിനു ശേഷം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ലോക്കല്‍ പൊലീസ് കണ്ടെത്തിയ തെളിവുകള്‍ക്കപ്പുറം മറ്റൊന്നും അവര്‍ക്ക് ലഭിച്ചില്ല. ഈ കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുകയും ആധാര്‍ വിവരം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തതായി കഴിഞ്ഞ സര്‍ക്കാറില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയില്‍ സി. കൃഷ്ണന് എം.എല്‍.എക്ക് മറുപടി നല്‍കിയിരുന്നു. അന്വേഷണത്തിന് പുതിയ സംഘം എത്തിയതോടെ കേസ് തെളിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Next Story