Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:18 AM GMT Updated On
date_range 26 July 2017 10:18 AM GMTബാലപീഡനത്തിനെതിരെ ജാഗ്രതയുമായി ശിശുക്ഷേമ സമിതി
text_fieldsകണ്ണൂർ: ബാലപീഡനത്തിനെതിരെ കുടുംബജാഗ്രത എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ ജില്ല ശിശുക്ഷേമസമിതി യോഗത്തിൽ തീരുമാനം. സമൂഹത്തിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡകൾക്കെതിരെ ശക്തമായ താക്കീത് നൽകുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. എസ്.എസ്.എ, സ്കൂൾ പി.ടി.എ, മദർ പി.ടി.എ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ആദ്യം ജില്ലതലത്തിലും പിന്നീട് ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ബോധവത്കരണം നടത്തും. ആദിവാസി മേഖലയിലെ കുട്ടികൾക്കായി ഓണക്കാലത്ത് ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കാനും ഗാന്ധിജയന്തി ദിനത്തിൽ സാഹിത്യരചന ക്യാമ്പ് സംഘടിപ്പിക്കാനും എ.ഡി.എം ഇ. മുഹമ്മദ് യൂസഫിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കുടുംബശ്രീയുമായി ചേർന്നാണ് ഓണാവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുക. പിന്നാക്കം നിൽക്കുന്ന ആദിവാസി മേഖലകൾ കണ്ടെത്തി ഒന്നിലധികം കേന്ദ്രങ്ങളിൽ ക്യാമ്പ് ഒരുക്കും. സാഹിത്യ അക്കാദമിയുമായി ചേർന്ന് ഗാന്ധി സ്മൃതിക്കൊപ്പം കുട്ടികളുടെ രചനാപാടവം കണ്ടെത്തുന്നതിനുള്ള വിവിധ പരിപാടികളാണ് ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിക്കുക. തീരദേശ മേഖലയിലെ കുട്ടികളും തടവുകാരുടെ മക്കളും ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെടുന്ന കുട്ടികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കാനും ജില്ലയിലെ 13 ക്രഷുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും തീരുമാനമായി. ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി എം. ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹികനീതി ഓഫിസർ എം.എം. മോഹൻദാസ്, ശിശുക്ഷേമ സമിതി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Next Story