Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:49 AM GMT Updated On
date_range 19 July 2017 8:49 AM GMTറീസർവേക്ക് സ്വകാര്യ ഏജൻസിയെ നിയോഗിക്കണം –ആസൂത്രണ ബോർഡ്
text_fieldsറീസർവേക്ക് സ്വകാര്യ ഏജൻസിയെ നിയോഗിക്കണം –ആസൂത്രണ ബോർഡ് തിരുവനന്തപുരം: സംസ്ഥാനത്തെ റീസർവേ പൂർത്തിയാക്കാൻ സ്വകാര്യ ഏജൻസിയെ നിയോഗിക്കണമെന്ന് ആസൂത്രണ ബോർഡ് നിർദേശം. കഴിഞ്ഞയാഴ്ച ആസൂത്രണ ബോർഡിെൻറ യോഗത്തിലാണ് റവന്യൂ വകുപ്പിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. കർണാടകത്തിലും തമിഴ്നാട്ടിലും ഭൂമി അളന്ന് തീർക്കാൻ സ്വകാര്യ ഏജൻസികളെ ഏൽപിച്ചിരുന്നു. അതേ മാതൃകയിൽ കേരളത്തിലും പദ്ധതി നടപ്പാക്കണമെന്നാണ് നിർദേശം. സാമ്പത്തികസഹായം ആസൂത്രണ ബോർഡ് നൽകും. തത്വത്തിൽ ഇക്കാര്യം റവന്യൂ വകുപ്പും അംഗീകരിച്ചിട്ടുണ്ട്. എൽ.ഡി.എഫ് യോഗത്തിലും ഇക്കാര്യം ചർച്ചചെയ്യും. രണ്ടുവർഷംകൊണ്ട് ഫീൽഡ്തല പ്രവർത്തനം പൂർത്തിയാക്കി ഭൂമിയുടെ രേഖകൾ ഡിജിറ്റലാക്കുകയാണ് ലക്ഷ്യം. അതുവഴി കമ്പ്യൂട്ടറിൽ സർവേ നമ്പർ ടൈപ്പ് ചെയ്താൽ ഭൂമി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകും. എന്നാൽ, റവന്യൂ വകുപ്പിെൻറ വിലയിരുത്തലനുസരിച്ച് റീസർവേ പൂർത്തിയാക്കാൻ നാലുവർഷമെങ്കിലും വേണ്ടിവരുമെന്നാണ്. സ്വകാര്യ ഏജൻസി നടത്തുന്ന സർവേ റിപ്പോർട്ട് സർവേ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് തുടർനടപടിയെടുക്കണം. ഉപഗ്രഹചിത്രങ്ങളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചായിരിക്കും സർവേ. ഫീൽഡ് വർക്കിന് ശേഷമുള്ള പ്രവർത്തനങ്ങൾ വകുപ്പ് പൂർത്തീകരിക്കണം. സ്വകാര്യ ഏജൻസിയെ നിയോഗിക്കുന്ന കാര്യത്തിൽ നയപരമായ തീരുമാനം വേണ്ടതിനാൽ മന്ത്രിസഭ പരിഗണിക്കേണ്ടതുണ്ട്. മുൻ എൽ.ഡി.എഫ് സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സർവേക്കായി ഭൂമികേരളം പദ്ധതി തയാറാക്കിയിരുന്നെങ്കിലും ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് നടന്നില്ല. 2008ൽ സ്വകാര്യ ഏജൻസിയെ എൽപിക്കാൻ സർവേ ചട്ടത്തിൽ ഭേദഗതിയും വരുത്തിയുന്നു. കണ്ണൻദേവൻ മലകളുടെ സർവേ ഇത്തരത്തിൽ നടത്തുകയും ചെയ്തു. എന്നാൽ, സർവേ വകുപ്പിലെ പ്രബലമായ സി.പി.ഐ സംഘടന എതിർപ്പുയർത്തിയതിനാൽ മുന്നോട്ടുപോയില്ല. കൂടുതൽ ജീവനക്കാരെ നിയമിച്ച് സർവേ പൂർത്തീകരിക്കാമെന്നാണ് യൂനിയെൻറ വാദം. 1664 വില്ലേജുകളിൽ 881 എണ്ണത്തിൽ സർവേ പൂർത്തിയാക്കി. 737 വില്ലേജുകൾ സർവേ നടത്താനുണ്ട്. വകുപ്പ് മന്ത്രിയുടെ ജില്ലയായ കാസർകോട് ആറുമാസം കൊണ്ട് സർവേ പൂർത്തിയാക്കാൻ അധികം ജീവനക്കാരെ നിയമിച്ച് പരീക്ഷണം നടത്തിയിരുന്നു. മൂന്നുമാസം കഴിഞ്ഞിട്ടും പത്ത് വില്ലേജിൽ പോലും പൂർത്തിയാക്കാനായില്ല. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് സ്വകാര്യ ഏജൻസിളെക്കൂടി ഉൾപ്പെടുത്തി സർവേ നടത്താൻ സർക്കാർ പദ്ധതിയിടുന്നത്.
Next Story